ചെന്നൈ: ലിംഗ ഭേദത്തിന്‌റെ പേരില്‍ മാത്രം ആണ്‍കുട്ടികളുടെ സ്‌കൂളില്‍ വനിതാ അദ്ധ്യാപകരെ നിയമിക്കുന്നത് വിലക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. സ്‌കൂളിന്റെ എതിര്‍പ്പിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് ജസ്റ്റിസ് ബി പുഗലേന്തി വ്യക്തമാക്കി.
ഒരു വനിതാ ഡ്രോയിംഗ് അധ്യാപിക സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. സര്‍ക്കാര്‍ എയ്ഡഡ് ബോയിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയമിക്കപ്പെട്ട ഇവരെ ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്‌കൂളാണെന്നും വനിതാ അധ്യാപികയ്‌ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ അവരെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചു. വിദ്യാഭ്യാസ വകുപ്പ് പിന്നീട് അവരെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. ഈ തീരുമാനത്തെയാണ് അദ്ധ്യാപിക കോടതിയില്‍ ചോദ്യം ചെയ്തത്.
ആണ്‍കുട്ടികളുടെ സ്‌കൂളില്‍ നിയമിച്ചാല്‍ പ്രത്യേക പരിഗണനയോ അധിക സൗകര്യങ്ങളോ തേടില്ലെന്ന് വ്യക്തമാക്കി ഹര്‍ജിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു.
















