ന്യൂദല്‍ഹി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലുകള്‍ പരിശോധിക്കുന്ന ജെപിസിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസുമായും മറ്റ് സുപ്രീം കോടതി ജഡ്ജിമാരുമായും സംയുക്ത പാര്‍ലമെന്‌റി സമിതി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവ തമ്മിലുള്ള അധികാര വിഭജന തത്വത്തിന് ഇത് വിരുദ്ധമാണെന്നായിരുന്നു കപിലിന്‌റെ ആക്‌ഷേപം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു.
ലോക്സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ബില്‍ പരിശോധിക്കുന്ന ജെപിസിയുടെ അധ്യക്ഷന്‍ ബിജെപി പാര്‍ലമെന്റ് അംഗം പി പി ചൗധരിയാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍, നിയമസഭാംഗങ്ങള്‍, ഭരണഘടനാ വിദഗ്ധര്‍ എന്നിവരുമായി ജെപിസി ഇതിനകം കൂടിയാലോചനകള്‍ നടത്തിയിരുന്നു.
ബില്ലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജഡ്ജിമാരുമായി ചര്‍ച്ച നടത്താനല്ല ഒക്‌ടോബര്‍ 6 ന് സന്ദര്‍ശനം നിശ്ചയിച്ചിരുന്നതെന്ന് പി.പി. ചൗധരി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം ദുര്‍വ്യാഖ്യാനം ചെയ്ത സാഹചര്യത്തില്‍ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു.
്.
















