ന്യൂദല്‍ഹി: ഒക്ടോബര്‍ 1 വ്യാഴാഴ്ച മുതല്‍ ടിക്കറ്റ് പരിശോധന കർശനമാക്കി ഇന്ത്യന്‍ റെയില്‍വേ. . ഇളവുകൾ, പ്രത്യേക ക്വോട്ടകൾ, പാസുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ നിർദ്ദിഷ്ടമായ ഒറിജിനൽ തിരിച്ചറിയൽ രേഖകളും അർഹത തെളിയിക്കുന്ന രേഖകളും കൈവശം കരുതേണ്ടതാണ്. ഉത്സവസീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തിരിച്ചറിയല്‍ രേഖ ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ കര്‍ശന പരിശോധന.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനൊപ്പം ഇളവ് ലഭിക്കുന്ന ടിക്കറ്റുകള്‍, പ്രത്യേക ക്വാട്ടയിലെ റിസർവേഷൻ, റെയില്‍വേ പാസ്, ഗ്രൂപ്പ് ബുക്കിംഗ് എന്നിവയും കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കും. ഇളവ് നിരക്കുകൾ, നിശ്ചിത റിസർവേഷൻ ക്വോട്ടകൾ, മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ അല്ലെങ്കിൽ റെയിൽവേ പാസുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ ആധാർ കാർഡ്, പാസ്‌പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ഐഡി തുടങ്ങിയ സാധുവായതും അസ്സലായതുമായ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
ഇളവ് ലഭിക്കുന്ന നിരക്കിലോ പ്രത്യേക റിസർവേഷൻ ക്വാട്ടയിലോ ടിക്കറ്റ് എടുത്തവർ തങ്ങള്‍ക്ക് ആ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് തെളിയിക്കുന്ന ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ കൈവശം കരുതണം. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയുടെ ഫോട്ടോയോ ഫോട്ടോകോപ്പിയോ മാത്രം ആശ്രയിക്കരുതെന്നാണ് റെയില്‍വേ നിർദേശം.
താഴെപ്പറയുന്ന രേഖകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
ആധാർ കാർഡ്
പാസ്‌പോർട്ട്
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
വോട്ടർ ഫോട്ടോ തിരിച്ചറിയല്‍ കാർഡ്
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർഡ്
അംഗീകൃത സ്കൂള്‍/കോളേജ് നല്‍കുന്ന ഫോട്ടോ പതിച്ച വിദ്യാർത്ഥി തിരിച്ചറിയല്‍ കാർഡ്
ഫോട്ടോ പതിച്ച ദേശസാല്‍കൃത ബാങ്ക് പാസ്‌ബുക്ക്
ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാർഡ്
ഇ-പാസ്, പി.ടി.ഒ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം
ഇ-പാസ് അല്ലെങ്കില്‍ പ്രിവിലേജ് ടിക്കറ്റ് ഓർഡർ (പിടിഒ) ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കും രേഖാ പരിശോധന ഉണ്ടാകും. ഇവർ ആവശ്യമായ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ കൈവശം കരുതുന്നതിനൊപ്പം യാത്രയ്‌ക്ക് മുമ്പ് ഇ-പാസ്/പിടിഒ നിർദേശിച്ച രീതിയില്‍ അതോറിറ്റി ടു ട്രാവല്‍ ആയി മാറ്റിയിട്ടുണ്ടെന്നും ഉറപ്പാക്കണം.
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 500 രൂപ പിഴ
സാധുവായ ടിക്കറ്റോ യാത്രാനുമതിയോ ഇല്ലാതെ യാത്ര ചെയ്താല്‍ ഈടാക്കുന്ന കുറഞ്ഞ അധിക ചാർജ് 2026 ജൂണ്‍ 20 മുതല്‍ 250 രൂപയില്‍ നിന്ന് 500 രൂപയായി ഉയർത്തിയിട്ടുണ്ട്. അതിനാല്‍ ടിക്കറ്റും ആവശ്യമായ രേഖകളും ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ഉയർന്ന സാമ്പത്തിക പിഴ നേരിടേണ്ടിവരും.
















