കൊല്ലം: വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്ന വിലക്കയറ്റവുമായി പച്ചക്കറി വിപണി. നിത്യോപയോഗ സാധനങ്ങളിലൊന്നായ വെളുത്തുള്ളിക്ക് മാര്‍ക്കറ്റില്‍ കിലോയ്‌ക്ക് 220 രൂപ. വലിപ്പമനുസരിച്ച് 160, 200 എന്നീ വിലകളിലും വെളുത്തുള്ളി മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്.
ബീന്‍സ്, പയര്‍, ചെറിയ ഉള്ളി എന്നിവയ്‌ക്ക് വിപണിയില്‍ 100 രൂപ കടന്നു. ബീന്‍സ് കിലോയ്‌ക്ക് 130 രൂപ, പയര്‍ 140 രൂപ, ചെറിയ ഉള്ളി 100 രൂപ എന്നിങ്ങനെയാണ് നിരക്ക്. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും പച്ചക്കറികളുടെ വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതാണ് പ്രധാനകാരണം. പ്രധാനമായും മധ്യപ്രദേശ്, ഹിമാചല്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വെളുത്തുള്ളി വരുന്നത്. കാലാവസ്ഥ മോശമായതോടെ സ്റ്റോക്ക് കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണം കഴിഞ്ഞ് വില താഴ്‌ന്നെങ്കിലും പിന്നീട് കുതിച്ചുക്കയറുകയായിരുന്നു.
ബീന്‍സിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്‌ക്ക് കൂടിയത്. അതേസമയം ബീറ്റ്‌റൂട്ട്, ക്യാരറ്റ്, വെള്ളരിക്ക, തക്കാളി എന്നിവ 35-40ല്‍ തുടരുകയാണ്. സവാള, മേട്ടുപ്പാളയം ക്യാരറ്റ് എന്നിവയ്‌ക്ക് കിലോയ്‌ക്ക് 60 രൂപയാണ്. ചേന, പച്ചമുളക്, ഉരുളക്കിഴങ്ങ്, പച്ചക്കായ എന്നീ മറ്റു പച്ചക്കറികളുടെ ചില്ലറ വിലയും വലിയ മാറ്റമില്ലാതെ തുടരുന്നു. പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതോടെ വിലവര്‍ധന രൂക്ഷമായി. സംസ്ഥാനത്തെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളില്‍ വലിയൊരു പങ്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ വിലയില്‍ ഇനിയും മാറ്റം വരാം.
വിലക്കയറ്റം തുടരുകയാണെങ്കില്‍ വില്‍പനയെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. അടുക്കളയില്‍ നിത്യമായി ആശ്രയിക്കുന്ന ഈ പച്ചക്കറികളുടെ അപ്രതീക്ഷിതമായ വിലവര്‍ധന കുടുംബബജറ്റ് താളംതെറ്റിച്ചിരിക്കുകയാണ്. ചെറുനാരങ്ങാ കിലോയ്‌ക്ക് 190, കറിനാരങ്ങ 80 എന്നിങ്ങനെയാണ് നാരങ്ങാവില. വരുംദിവസങ്ങളില്‍ ഉരുളക്കിഴങ്ങിനും വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
















