Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷിക ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമരിശിച്ച് ബിനീഷ് കോടിയേരി. മക്കൾക്കെതിരെ കേസ് വന്നപ്പോൾ കോടിയേരി പാർട്ടിയെ കവചമാക്കിയില്ലെന്നും കേസ് എന്തായാലും സ്വയം നേരിടണമെന്ന് ശഠിച്ചയാളാണ് കോടിയേരിയെന്നും ബിനീഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട ഓർമ്മക്കുറിപ്പിൽ പറഞ്ഞു.

താനും കുടുംബവും നേരിട്ട ആരോപണങ്ങൾ കോടിയേരി ബാലകൃഷ്ണനെയും പ്രസ്ഥാനത്തെയും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ബിനീഷ് കുറിച്ചു. കിളിരൂർ സംഭവം, മെർക്കിസ്റ്റൺ ഭൂമി ഇടപാട്, പോൾ മുത്തൂറ്റ് വധം, ടോട്ടൽ ഫോർ യു, ഒടുവിൽ ബംഗളൂരു മയക്കുമരുന്ന് കേസ് അടക്കമുള്ള വിഷയങ്ങളിൽ തനിക്കെതിരെ ഉണ്ടായ വേട്ടയാടലുകൾ അച്ഛനെ മാനസികമായി ആഴത്തിൽ ഉലച്ചിരുന്നുവെന്ന് ബിനീഷ് പറയുന്നു. വിക്ടർ ഹ്യൂഗോയുടെ ‘ലെ മിസെറാബ്ലെ’ലെ ജീൻ വാൽജീൻ മരണത്തിന് മുൻപ് മക്കളോട് പറഞ്ഞ വാക്കുകൾ കുറിച്ചുകൊണ്ടാണ് ബിനീഷ് സോഷ്യൽ മീഡിയ പോസ്റ്റ് ആരംഭിക്കുന്നത്.

ജയിലിൽ കിടക്കുമ്പോൾ മറ്റു പാർട്ടികളുടെ ദൂതന്മാർ വന്ന് പാർട്ടിയെ ഒറ്റുകൊടുത്താൽ ജാമ്യം നൽകാം എന്ന ഓഫർ മുന്നോട്ടുവെച്ചെങ്കിലും, പാർട്ടിയെ വഞ്ചിക്കുന്നതിലും നല്ലത് മകൻ ആജീവനാന്തം ജയിലിൽ കിടക്കുന്നതാണ് എന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചതെന്ന് ബിനീഷ് വെളിപ്പെടുത്തി. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ഇന്ന് പറയുന്നവർ പാർട്ടി നേതൃത്വത്തെയും ഭരണരീതികളെയും അടിക്കാനുള്ള ഉപകരണമായി പഴയ നേതാവിനെ മാറ്റുകയാണെങ്കിലും, തെറ്റുകൾ തിരുത്തി പാർട്ടി തിരിച്ചുവരേണ്ടതുണ്ടെന്നും ബിനീഷ് കൂട്ടിച്ചേർത്തു.

നേർക്കുനേർ വരുമ്പോൾ സന്ധി ചെയ്യുന്നതായിരുന്നതല്ല കോടിയേരിയുടെ രാഷ്‌ട്രീയം. കാലഘട്ടത്തിന്റെ പൾസ് അറിഞ്ഞ രാഷ്‌ട്രീയക്കാരനാണ് അദ്ദേഹം. സിപിഎം നേതൃനിരയിലെ നികത്താനാകാത്ത വിടവ് ആണ് കോടിയേരിയുടേതെന്നും ആര് വിസ്മൃതിയിലാക്കാൻ ശ്രമിച്ചാലും വിലപ്പോകില്ലെന്നും കുറിപ്പിൽ പറയുന്നു.

Recent Posts