കൊല്ലം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ചെറുമകള്‍ പിടിയിലായി.ആയൂര്‍ സ്വദേശിനി അമൃത (18) ആണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ഒളിവില്‍ പോയ അമൃതയുടെ അമ്മ അശ്വതി അച്ചുവിനായി അന്വേഷണം ഊര്‍ജിതമാക്കി.അശ്വതിയാണ് വെള്ളം തിളപ്പിച്ചതെന്നും പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു എന്നുമാണ് അമൃത മൊഴി നല്‍കിയത്.
ഈ മാസം 26നാണ് ആയൂര്‍ ഇടമുളക്കല്‍ സ്വദേശിനി രാധാമണിക്ക് (61)പൊള്ളലേറ്റത്.വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിച്ചു. മുഖത്തും കഴുത്തിലും ഗുരുതര പൊള്ളലേറ്റ രാധാമണി കടയ്‌ക്കലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്ന് രാത്രി തന്നെ അശ്വതി മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിച്ചു.പൊലീസ് അവിടെനിന്നാണ് അമൃതയെ കസ്റ്റഡിയിലെടുത്തത്.
പൊലീസുദ്യോഗസ്ഥരെയും മുന്‍ മന്ത്രിയും മുന്‍ എംഎല്‍എയും അടക്കം പ്രമുഖരെ പെണ്‍കെണിയില്‍ കുടുക്കിയ അശ്വതി അച്ചു നിരവധി കേസുകളില്‍ പ്രതിയാണ്.
















