കൊച്ചി: പിജി ഡോക്ടര്‍മാര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷവും നിര്‍ബന്ധിത സേവനം പൂര്‍ത്തിയാക്കാനോ മറ്റെവിടെയെങ്കിലും ജോലി ചെയ്യാനോ കഴിയാതെ സമയവും സേവനവും പാഴാക്കുന്നത് ആശങ്കാജനകമെന്ന് ഹൈക്കോടതി.
ഈ സാഹചര്യത്തില്‍ കൂടുതല്‍ സീനിയര്‍ റെസിഡന്റ് തസ്തികകള്‍ സൃഷ്ടിക്കണോ അതോ അവരെ നിര്‍ബന്ധിത സേവനമെന്ന ബോണ്ടില്‍ നിന്ന് ഒഴിവാക്കണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കോവിഡ് ലോക്ക്ഡൗണ്‍കാലത്ത് രണ്ട് ബാച്ച് പിജി വിദ്യാര്‍ത്ഥികള്‍ ഒരേ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയതിനാലാണ് അവരെ ബോണ്ട് പ്രകാരമുള്ള നിര്‍ബന്ധിത സേവനത്തിന് നിയമിക്കാനാവാത്ത സ്ഥിതി വന്നത്. ഇതുമൂലം സ്‌റ്റൈപ്പെന്‌റും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാത്ത സാഹചര്യവുമുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി നിര്‍ദേശം.
















