കൊച്ചി : ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഗീത സംവിധായകന്‍ റിനില്‍ ഗൗതമിന് (50) സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടങ്ങുന്ന പൗരാവലി വിട നല്‍കി. ഇന്നു രാവിലെ എരൂരിലെ കൊപ്പറമ്പ് അയ്യന്‍കാളി സ്മാരക മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയോടെ മൃതദേഹം ഇരുമ്പനം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ചലച്ചിത്ര രംഗത്ത് വിപുലമായ സൗഹൃദവലയത്തിന് ഉടമയായിരുന്നു റിനില്‍ .
തിങ്കളാഴ്ച ബാഡ്മിന്റണ്‍ കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ
തൃപ്പൂണിത്തുറ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനപ്രിയന്‍ , വാധ്യാര്‍ , പിഗ്മാന്‍ , സാന്റ് സിറ്റി , വടു , കാന്താരി , നജസ്സ് , വേലുകാക്ക തുടങ്ങിയ സിനിമകള്‍ക്കും ഒട്ടേറെ സീരിയലുകള്‍ക്കും സംഗീത ആല്‍ബങ്ങള്‍ക്ക് വേണ്ടിയും സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിട്ടുള്ള റിനില്‍ ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമാണ്. പദ്മഹാരപ്രിയ പദ്മനാഭപ്രഭോ എന്ന തൃപ്പൂണിത്തുറ പൂര്‍ണത്രയീശനെ സ്തുതിക്കുന്ന ഭക്തിഗാനം റിനില്‍ ഗൗതമിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. സംവിധായകന്‍ ലാല്‍ജോസ് അഭിനയിക്കുന്ന ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. ബെന്നി പി തോമസ് സംവിധാനം ചെയ്യുന്ന റൂഹ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രമായും റിനില്‍ വേഷമിട്ടു.
ദീര്‍ഘകാലമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന റിനില്‍ ഗൗതം വയനാട് പൊഴുതന സ്വദേശികളായ സുകുമാരന്‍-ദേവകി ദമ്പതികളുടെ മകനാണ് .












