ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരാക്രമണം. ഒരു അസം റൈഫിൾസ് ജവാൻ വീരമൃത്യു വരിച്ചതായും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതിർത്തിയിൽ വേലി നിർമ്മാണം നടക്കുന്ന പ്രദേശത്ത് 21 അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നതിനിടെ, നാംപോങ് സർക്കിളിന് കീഴിലുള്ള നാംപോങ് നള്ളയ്‌ക്ക് സമീപം രാവിലെ 6.30-ഓടെയാണ് സംഭവം നടന്നത്.
ഹവിൽദാർ ജാൻഖോകായ് കുക്കി (42)യാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റവരെ ചികിത്സയ്‌ക്കായി മാറ്റിക്കൊണ്ടിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സേന സുരക്ഷ ശക്തമാക്കി. ആക്രമണം നടത്തിയവരുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, എൻ.എസ്.സി.എൻ (കെ-വൈ.എ)-യിൽ (NSCN (K-YA)) പെട്ട ഭീകരർക്ക് ഇതിൽ പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് വിശദാംശങ്ങൾ ശേഖരിക്കാൻ ചാങ്‌ലാങ് പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചതായും ചാങ്‌ലാങ് എസ്.പി. കിർലി പാഡു പറഞ്ഞു. നേരത്തെ, മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ ഇന്ത്യൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് UKNA തീവ്രവാദികൾ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
















