ഗുവാഹത്തി: അസമിലെ ഗുവാഹത്തി ധാരാപൂരിലെ ഹോംസ്റ്റേയിൽ ഗുവാഹാട്ടി സർവകലാശാല വിദ്യാർഥിനി നിമിഷ തകുരിയ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് വ്യക്തമക്കി പൊലിസ്. വെസ്റ്റ് ഗുവാഹത്തി ഡി.സിപി ബോളിൻ ഡീയോറിയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. മതിയായ രേഖകളൊ തിരിച്ചറിയൽ കാർഡോ ഇല്ലാതെയാണ് യുവതിക്കും ആൺസുഹൃത്തിനും ഹോം സ്റ്റേയിൽ മുറി നൽകിയത് എന്നും പൊലീസ് ആന്വേഷണത്തിൽ കണ്ടെത്തൊയിട്ടുണ്ട്.
സംഭവത്തിൽ ആൺസുഹൃത്ത് ആഷിഖ് അലി (26) അറസ്റ്റിലായി. ഹോം സ്റ്റേ അധികൃതർ രജിസ്റ്റർ സൂക്ഷിച്ചിരുന്നോ എന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവദിവസം രാത്രി യുവതിയും ആൺസുഹൃത്തും തമ്മിൽ മുറിക്കുള്ളിൽ വച്ച് വഴക്കുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ യുവതി അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അവിടെ ഉള്ള ചില ആളുകളിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും രക്ഷിക്കണമെന്നും യുവതി അമ്മയോട് പറഞ്ഞതായി കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
വിവരമറിഞ്ഞ് പൊലീസ് എത്തി യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കൊലപാതകം, കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കൂട്ടബലാത്സംഗ ആരോപണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിമിഷയുടെ പിതാവാണ് മകൾക്ക് ക്രൂരമായ മർദനമേറ്റെന്നും കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായും ആരോപിച്ചത്.വെള്ളിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റലിൽ താമസിക്കുമെന്ന് പറഞ്ഞാണ് നിമിഷ വീട്ടിൽനിന്ന് പോയതെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ അമ്മയെ ഫോണിൽ വിളിച്ച് തനിക്ക് മർദനമേറ്റതായി അറിയിച്ചതായും തുടർന്ന് ഫോൺ സ്വിച്ച് ഓഫായതായും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് കുടുംബം അസാര പൊലീസിനെ സമീപിക്കുകയും പൊലീസിന്റെ അന്വേഷണത്തിൽ നിമിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണ്ടെത്തുകയുമായിരുന്നു.
അതേസമയം, നിമിഷ ആത്മഹത്യ ചെയ്തതാണെന്നാണ് ആഷിഖ് അലി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് തെളിവുകൾ, സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.ഹോംസ്റ്റേയിലെ പത്താം നമ്പർ മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. രാത്രി ഭക്ഷണം ഓർഡർ ചെയ്തതിന് പിന്നാലെ പുലർച്ചെ നിലവിളി കേട്ടതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. മുറിയിലെത്തിയപ്പോൾ നിമിഷ നിലത്ത് കിടക്കുന്നതും ആഷിഖ് അവളെ പിടിച്ച് കരയുന്നതുമാണ് കണ്ടതെന്നാണ് ജീവനക്കാരുടെ മൊഴി. സംഭവസമയത്ത് മറ്റൊരാൾ മുറിയിലുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
സംഭവദിവസം രാത്രി ഇരുവരും പുറത്തുപോയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എവിടേക്കാണ് പോയതെന്നും തുടർന്ന് എന്താണ് സംഭവിച്ചതെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ശാസ്ത്രീയ തെളിവുകളും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.സംഭവത്തിൽ പിടിയിലായ യുവതിയുടെ ആൺസുഹൃത്തിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. സംഭവ സമയത്ത് ഹോം സ്റ്റേയിൽ ഉണ്ടായിരുന്ന മറ്റു ആളുകളെയും ജീവനക്കാരെയും പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ആൺ സുഹൃത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്.
















