വടവാതൂര്‍ (കോട്ടയം): സ്ത്രീകള്‍ സിനിമയിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നത് വലിയ തെറ്റായി കണ്ടിരുന്ന ഒരുകാലത്ത് മലയാള സിനിമയില്‍ ചുവടുവെച്ച നടിമാരുടെ കൂട്ടത്തില്‍ മറക്കാന്‍ പാടില്ലാത്ത പേരാണ് മുതുകുളം ജഗദമ്മയുടേത്. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ ജഗദമ്മയ്‌ക്ക് 16 വയസ്സ്. അഭിനയം മാത്രമല്ല മലയാള സിനിമയിലെ ആദ്യകാല ഡബിങ് ആര്‍ട്ടിസ്റ്റുമാണ് ജഗദമ്മ. ജീവതനൗക എന്ന സിനിമയില്‍ ബി.എസ്. സരോജത്തിന് ശബ്ദം നല്‍കി. ഇന്നത്തെ പോലെ ആധുനിക സംവിധാനങ്ങളോ ശബ്ദക്രമീകരണ സജ്ജീകരങ്ങളോ ഇല്ലാത്ത കാലത്തായിരുന്നു ശ്രമകരമായ ഈ ദൗത്യം ജഗദമ്മ ഏറ്റെടുത്ത് വിജയിപ്പിച്ചത്. വളരെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ളിലായിരുന്നു അന്നത്തെ സിനിമാ ചിത്രീകരണം പോലും.
1950-ല്‍ നല്ല തങ്ക എന്ന സിനിമയിലൂടെയാണ് മുതുകുളം ജഗദമ്മ അഭിനയരംഗത്തേക്ക് കടന്നത്. കുഞ്ചാക്കോയും കെ.വി. കോശിയും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പി.വി. കൃഷ്ണയ്യരാണ്. അഗസ്റ്റിന്‍ ജോസഫ്, വൈക്കം മണി, മിസ്സ് കുമാരി, ഓമന, എസ്.പി. പിള്ള, ബേബി ഗിരിജ എന്നിവരാണ് ചിത്രത്തിലെ മറ്റ്അഭിനേതാക്കള്‍. സംഗീതസംവിധാനം വി. ദക്ഷിണാമൂര്‍ത്തിയും ഛായാഗ്രഹണം പി.കെ. മാധവന്‍ നായരും നിര്‍വഹിച്ചു. ‘നല്ല തങ്കള്‍’ എന്ന തമിഴ് ഐതിഹ്യത്തെ ആസ്പദമാക്കി മുതുകുളം രാഘവന്‍ പിള്ളയാണ് ചിത്രത്തിന്റെ രചനയും സംഭാഷണവും ഒരുക്കിയത്. മിസ് കുമാരിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഗായകനും നടനുമായ അഗസ്റ്റിന്‍ ജോസഫും വൈക്കം മണിയും പ്രധാനകഥാപാത്രങ്ങള്‍ക്ക് ജീവന്‍പകര്‍ന്നു.
1951 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ജീവിതനൗക എന്ന സിനിമയിലാണ് രണ്ടാമതായി മുതുകുളം ജഗദമ്മ അഭിനയിച്ചത്. കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സ് ബാനറില്‍ എം.കുഞ്ചാക്കോയും കെ.വി.കോശിയും നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.വേമ്പുവാണ്. തിരക്കഥയും സംഭാഷണവും രചിച്ചത് മുതുകുളം രാഘവന്‍പിള്ളയായിരുന്നു. ഗാനരചന അഭയദേവും സംഗീത സംവിധാനം വി. ദക്ഷിണാമൂര്‍ത്തിയുമായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, ബി.എസ്. സരോജ, മുതുകുളം രാഘവന്‍പിള്ള,എസ്.പി. പിള്ള, പൊന്നപ്പന്‍ ആറുകാട്ടി, നാണുക്കുട്ടന്‍, മാത്തപ്പന്‍, പങ്കജവല്ലി, ചെങ്ങൂര്‍ ജാനകി, ഗുരുഗോപിനാഥ്, ബേബിഗിരിജ എന്നിങ്ങനെ അന്നത്തെ പ്രമുഖ നടീനടന്മാര്‍ക്കൊപ്പമാണ് മുതുകുളം ജഗദമ്മ അഭിനയിച്ചത്.
1951-ല്‍ ഇറങ്ങിയ വിശപ്പിന്റെ വിളി എന്ന സിനിമയില്‍ പ്രേംനസീറിനൊപ്പമായിരുന്നു ജഗദമ്മയുടെ അഭിനയം. മുതുകുളം രാഘവന്‍പിള്ള രചിച്ച് മോഹന്‍ റാവു സംവിധാനം ചെയ്ത കുഞ്ചാക്കോയും കെ.വി കോശിയും ചേര്‍ന്നു നിര്‍മ്മിച്ചതായിരുന്നു. ഉദയായുടെ ബാനറിലാണ് പുറത്ത് വന്നത്. പ്രേംനസീര്‍, തിക്കുറിശ്ശി, കുമാരി തങ്കം, പങ്കജവല്ലി, നാണുക്കുട്ടന്‍, മാത്തപ്പന്‍, എസ്.പി. പിള്ള ബേബി ഗിരിജ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ചെറിയ ബജറ്റില്‍ ചെയ്ത ചിത്രമാണെങ്കിലും വന്‍ വിജയമായി.
1953-ല്‍ ഇറങ്ങിയ വേലക്കാരന്‍ എന്ന സിനിമയിലും ജഗദമ്മ അഭിനയിച്ചു. ജഗദമ്മയുടെ ഭര്‍ത്താവ് വാസുദേവന്‍ നായരും ചെറിയ വേഷത്തിലുണ്ട്. അദ്ദേഹം ഉദയ സ്റ്റുഡിയോയില്‍ ടെക്‌നീഷ്യനായിരുന്നു അന്ന്. ഭദ്രാ പ്രൊഡക്ഷന്റെ ബാനറില്‍ ഇ.ആര്‍. കൂപ്പറാണ് ചലച്ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കെ.ജി. ശ്രീധരന്‍നായരാണ് സിനിമ നിര്‍മ്മിച്ചത്. മുതുകുളം രാഘവന്‍ പിള്ള കഥയും സംഭാഷണവും നിര്‍വഹിച്ചു. വി. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തിന് അഭയദേവ്, തിരുനായനാര്‍ക്കുറുച്ചി മാധവന്‍നായര്‍ എന്നിവര്‍ ഗാനങ്ങളെഴുതി. പി. ലീല, സി.കെ. രേവമ്മ, ജാനമ്മ ഡേവിഡ്, എം.എല്‍. വസന്തകുമാരി, അഗസ്റ്റ്യന്‍ ജോസഫ്, ജോസ്പ്രകാശ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. തിക്കുറിശ്ശി സുകുമാരന്‍നായര്‍, വാണക്കുറ്റി രാമന്‍ പിള്ള, എസ്.ആര്‍. പല്ലാട്ട് ശങ്കര്‍, കെ.പി. കേശവന്‍, പങ്കജവല്ലി, കെ.ജി. ശ്രീധരന്‍നായര്‍, നാണുക്കുട്ടന്‍നായര്‍, സുമതി,പി.കെ.സരസ്വതി, മുതുകുളം അഗസ്റ്റ്യന്‍ ജോസഫ്, എന്‍.ആര്‍.തങ്കം, എസ്. പി.പിളള എന്നിവരായിരുന്നു അഭിനനേതാക്കള്‍.
ഒട്ടേറെ കലാകാരന്മാരുടെ നാടുകൂടിയാണ് മുതുകുളം ഗ്രാമം. മുതുകുളം രാഘവന്‍ പിള്ളയാണ് ജഗദമ്മയെ സിനിമയിലേക്ക് കൈപിടിച്ചുകയറ്റിയത്. അന്ന് തിരക്കുള്ള സിനിമാക്കാരനായിരുന്നു രാഘവന്‍പിള്ള. മുതുകുളം ജഗദമ്മയ്‌ക്ക് സിനിമയില്‍ തിരക്കേറിവന്ന സമയത്താണ് വടവാതൂര്‍ സ്വദേശി വാസുദേവന്‍ നായര്‍ വിവാഹം കഴിച്ചത്. പിന്നീട് പല സിനിമകളിലും അവസരം വന്നെങ്കിലും ഭര്‍ത്താവ് സമ്മതിക്കാത്തതിനെ തുടര്‍ന്ന് അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. മദ്രാസില്‍ നിന്നും രണ്ട് പ്രാവശ്യം സംവിധായകനും നിര്‍മ്മാതാവും വടവാതൂരിലെ വീട്ടിലെത്തി സിനിമയില്‍ പ്രധാനപ്പെട്ട വേഷം വാഗ്ദാനം ചെയ്തു. പക്ഷെ ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്വീകരിച്ചില്ല. പിന്നീട് കുടുംബകാര്യം നോക്കി വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു.
ഒട്ടേറെ അംഗീകാരങ്ങള്‍ നേടി തിരക്കുള്ള സിനിമാ താരമായി അറിയപ്പെടേണ്ട മികച്ച കലാകാരിയാണ് ആരുടെയും കണ്ണില്‍പ്പെടാതെ വീട്ടിലൊതുങ്ങിക്കൂടിയത്. ആ ഉള്‍വലിയല്‍ മലയാള സിനിമാ ലോകത്തിന് നല്ലൊരു നടിയെ നഷ്ടമാക്കി. സ്വന്തം ചലച്ചിത്ര ജീവിതത്തിന്റെ സ്മരണകള്‍ പങ്കിടുന്ന ഒരു ഫോട്ടോ പോലും സൂക്ഷിക്കാതെയാണ് ആ വലിയ കലാകാരി വിടവാങ്ങിയത്. ആ അഭിനയ ജീവിതമുഹൂര്‍ത്തങ്ങള്‍ വാര്‍ത്തയാക്കാനായി ഈ ലേഖകന്‍ മുമ്പ് പലതവണ ജഗദമ്മയെ സമീപിച്ചിരുന്നു. എന്നാല്‍ ജീവിതവഴിയില്‍ മനസ്സില്ലാമനസ്സോടെ ഉപേക്ഷിക്കേണ്ടിവന്ന അഭിനയമെന്ന അടഞ്ഞ അധ്യായം തുറക്കാന്‍ ആ കലാകാരി തയ്യാറായിരുന്നില്ല.
















