ശാസ്താംകോട്ട: മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം-കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നും ക്ഷേത്രഭരണം വോട്ടെടുപ്പിലൂടെ പിടിച്ചെടുത്ത മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ ഡിവൈഎഫ്‌ഐ നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ സിപി എം ഗുണ്ടാ സംഘങ്ങളുടെ ഭീകര അഴിഞ്ഞാട്ടം.
15 പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി രാത്രി 12ന് തുടങ്ങിയ തേര്‍വാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. വടിവാളുകള്‍ റോഡില്‍ ഉരച്ചും കൊലവിളി നടത്തിയും അഴിഞ്ഞാടിയ സംഘം പ്രദേശത്തെ ഏറെ നേരം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം കണ്ടു പ്രദേശത്തെ വീട്ടുകാരും വഴിയാത്രക്കാരും അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ വഞ്ചിയും അതില്‍ സ്ഥാപിച്ചിരുന്ന കൃഷ്ണവിഗ്രഹവും നശിപ്പിച്ചു. ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ ശിരസ് വെട്ടി മാറ്റിയ നിലയിലാണ്. ക്ഷേത്ര കാര്യങ്ങളില്‍ സജീവമായി രംഗത്ത് നിന്നിരുന്ന സൈനികന്റേത് ഉള്‍പ്പെടെ രണ്ട് വീടുകള്‍ അടിച്ചു തകര്‍ത്തു. ഇരുവീടുകളുടെയും ജനാലച്ചില്ലുകളും പൂച്ചട്ടികളും ഇരുചക്ര വാഹനങ്ങളും അക്രമസംഘം അടിച്ചു തകര്‍ത്തു.

ഭക്തജന കൂട്ടായ്‌മ സ്ഥാപിച്ചിരുന്ന പ്രതിമഅടിച്ചുപൊട്ടിച്ചു
ഭക്തജന കൂട്ടായ്‌മ ഇടിഞ്ഞ കുഴിയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ആനയുടെ പ്രതിമയും അക്രമിസംഘം വന്‍ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു നിലംപരിശാക്കി. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ക്ഷേത്രത്തിനു മുന്നിലെ കൊടികളും കൊടിമരവും ആക്രമസംഘം തകര്‍ത്തു. പൈപ്പ്മുക്കിലെ ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ബിഎംഎസിന്റെ കൊടിമരവും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടത്തില്‍ നിലംപൊത്തി. ഡിവൈഎഫ്‌ഐ നേതാവും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. അരവിന്ദിന്റെ നേതൃത്വത്തില്‍ കാറിലും സ്‌കൂട്ടറിലുമായാണ് സംഘം എത്തിയത്. സിനിമാപറമ്പ് കൊട്ടാരക്കര റൂട്ടില്‍ വന്ന വഴിയാത്രക്കാര്‍ അക്രമം നടത്തുന്നത് കണ്ട് വാഹനം നിര്‍ത്തിയെങ്കിലും വടിവാള്‍ വീശി അക്രമിസംഘം ഇവരെയും ഭയപ്പെടുത്തി ഓടിച്ചു.
സംഭവം അറിഞ്ഞ് സമീപവാസികള്‍ സംഘടിച്ചതോടെ കാറില്‍ രക്ഷപ്പെട്ട സംഘത്തെ നാട്ടുകാര്‍ പിന്തുടര്‍ന്നു. തുരുത്തിക്കരയില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമികള്‍ വീട്ടില്‍ ഒളിച്ചു. തൊട്ടുപിന്നാലെ ശാസ്താംകോട്ട പോലീസും സ്ഥലത്തെത്തി സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ ഈ വീട്ടില്‍നിന്നും പോലീസ് പിടികൂടി. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ അരവിന്ദും പി ടിയിലായി. ഒപ്പമുള്ളവര്‍ രക്ഷപ്പെട്ടതിനാ ല്‍ പോലീസിനെ പിടികൂടാനായില്ല. സമീപപ്രദേശങ്ങളില്‍ സിസിടിവിയുടെ സഹായത്താല്‍ പ്രതികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്. ഈ വീട്ടിനുള്ളിലും കാറിലും ഒളിപ്പിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ ഒരു വര്‍ഷം മുന്‍പ് തിരുവോണ നാളില്‍ ഇട്ട പൂക്കളത്തില്‍ രാജ്യത്തന്റെ അഭിമാനമായ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയതിന് പ്രതി ചേര്‍ക്കപ്പെട്ട സൈനികന്‍ അശോക് കുമാറിന്റെ വീടാണ് പ്രധാനമായി അടിച്ചു തകര്‍ത്തത്. കാര്‍പോര്‍ച്ചില്‍ നിന്ന് വാഹനങ്ങളും ജനാലച്ചില്ലുകളും പൂച്ചട്ടിയും തകര്‍ത്തു. സമീപത്തുള്ള ഇന്ദ്രജിത്ത് എന്ന യുവാവിന്റെ വീടും അക്രമികള്‍ അടിച്ചു തകര്‍ത്തു. ജനല്‍ചില്ലുകളും, പുറത്തുണ്ടായിരുന്ന കസേരകളും ചെടിച്ചട്ടികളും നശിപ്പിച്ചു. ശാസ്താംകോട്ട പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിടുണ്ട്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അക്രമസംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ പെരുവേലിക്കര ആലപ്പുറത്ത് എം അരവിന്ദ് (26), കരുനാഗപ്പള്ളി അയണിവേലികുളങ്ങര കൈരളി വീട്ടില്‍ ഗൗതം പുഷ്പന്‍ (24), കൊല്ലം മുണ്ടയ്‌ക്കല്‍ പുതുവല്‍ ശരത് ശശി (25) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
















