Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്തംബർ 28 തിങ്കളാഴ്ച ജില്ലാകളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം,​ ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപന വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒൻപത് ജില്ലകളിലാണ് നിലവിൽ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം,​ പത്തനംതിട്ട,​ കോട്ടയം,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം ,​ കോഴിക്കോട്,​ വയനാട് ജില്ലാകളക്ടർമാരാണ് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല.

പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, വിതരണ – സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 28 കൂടാതെ, 27-ഉം അവധിയായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 29-നും അവധി.

തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വോട്ടെടുപ്പ് ദിവസമായ 28ന് ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചത്. പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണ സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സെപ്തംബർ 27, 28 (ഞായർ, തിങ്കൾ) തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്തംബർ 29നും (ചൊവ്വ) അവധിയായിരിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ(14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്, കുറ്റൂർ (ഗ്രാമപഞ്ചായത്തിലെ ഓതറ, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി എന്നിവടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വള്ളോക്കുന്ന് സർക്കാർ എൽവിഎൽപിഎസ്, ഓതറ എഎംഎം ഹൈസ്‌കൂൾ, കല്ലേലി ജിജെഎം യുപിഎസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി എന്നീ പരിധികളിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്തംബർ 28 ന് ജില്ല കളക്ടർ എ നിസാമുദ്ദീൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

കോട്ടയം: സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ കോട്ടയം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10ാം വാർഡ്, മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, കോട്ടയം ജില്ലാ പഞ്ചായത്ത് 17ാം ഡിവിഷനിൽ ഉൾപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16,17,18,19 വാർഡുകൾ, പായിപ്പാട് പഞ്ചായത്തിലെ 1 17 വരെ വാർഡുകൾ, തൃക്കൊടിത്താനം പഞ്ചായത്തിലെ 1 22 വരെ വാർഡുകൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ എന്നിവടങ്ങളിലാണ് അവധി. പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് 27, 28 തീയതികളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്‌കൂളിനും 29നും അവധിയായിരിക്കും.

എറണാകുളം: എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ബന്ധപ്പെട്ട പ്രദേശങ്ങളിൽ ജില്ലാ കളക്ടർ ജി.പ്രിയങ്ക പ്രാദേശിക അവധി പ്രഖ്യാപിച്ചത്. വാർഡ് പരിധികളിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്തംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാർഡ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി

വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനുകളായായ സ്ഥാപനങ്ങൾക്ക് സെപ്തംബർ 27, 28 തിയതികളിൽ അവധിയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന പള്ളിക്കൽ ഡിവിഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് സെപ്തംബർ 28 ന് അവധിയായിരിക്കും. വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂളിന് സെപ്തംബർ 29നും ജില്ലാ കളക്ടർ അവധി നൽകി.

മലപ്പുറം: മലപ്പുറം മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ, വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ, താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ , കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച് വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെ്ര്രപംബർ 28 ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രമായ താനാളൂർ എസ്എംയുപി സ്‌കൂളിന് സെ്ര്രപംബർ 29നും പ്രാദേശിക അവധിയാണ്.

തൃശൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ ജില്ലയിലെ വിവിധ വാർഡുകളുടെ പരിധിയിൽ 28ന് ജില്ലാ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാലക്കുടി നഗരസഭയിലെ വാർഡ് 24, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് 13, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് ഒന്ന് , തളിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 13 , ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 16 എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

പാലക്കാട്: 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, സർക്കാർ സ്ഥാപനങ്ങൾക്കും 27, 28 തീയതികളിലും, സ്വീകരണ വിതരണ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആയി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകൾക്കും കോളേജുകൾക്കും 28, 29 തീയതികളിലും ജില്ലാ കളക്ടർ കെ സുധീർ അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും 28ന് അവധിയായിരിക്കും.