Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Published by
ആര്‍. പ്രസന്നകുമാര്‍ കടമ്മനിട്ട

57
ഇതള്‍നീണ്ട നീലകമലംപോലെഴും നയന-
മഴകോടു നീട്ടിയകലത്താ-
യുഴലുന്നൊരീയേഴയിവനെ കൃപാസലില-
മഴയില്‍ നനച്ചരുളുകമ്മേ
ജഗദീശ്വരീ ജനനി,യതിനാലെ ധന്യനഹ –
മതിനില്ല ചേതമവിടേക്കും
മണിമേട,കാടിവയിലൊരുപോലെയല്ലി, കര –
മരുളുന്നു,കാണമൃതകിരണന്‍

58
പൂവില്ലുപോല്‍വിലസുമീ നല്ലരാളമുഖ –
പാളീയുഗം വികസിതം
കാതോളമംഗജനഹോ ചേര്‍ത്തെടുത്ത ശര-
മല്ലോ കടാക്ഷമതിനിശിതം
കാണാമെനി, ക്കിരുകരംകൊണ്ടുമായ് ഹരനു
നേരേയണഞ്ഞു ശരമെയ്യും
കാമന്‍വരുന്നവര,വമ്മേ നിനക്കവനി –
ലേറെ പ്രിയം വരുവതെന്തേ!

59
മിന്നുന്ന കുണ്ഡലമണിഞ്ഞുള്ളൊരംബ, തവ
ഗണ്ഡങ്ങളില്‍ പ്രതിഫലിക്കും
പൊന്‍കുണ്ഡലപ്രഭകളൊന്നിച്ചു ചേരുമള-
വുണ്ടാം ചതുശ്ചക്രരഥമായ്
നിന്നാനനം ജനനി,യമ്മാധവപ്രിയനു
സന്നാഹമായി നിലകൊള്‍വൂ
മണ്ണായ തേരിനുരുള്‍ ചന്ദ്രാര്‍ക്കരല്ലി, ഹര-
നെമ്മട്ടില്‍ നിന്നു പൊരുതേണ്ടൂ!

Recent Posts