കൊല്ലം: ശക്തികുളങ്ങര ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം തകര്‍ച്ചയുടെ വക്കിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് ആക്ഷേപം. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നേരിട്ടു ബോധ്യപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികള്‍ക്കുള്ള എസ്റ്റിമേറ്റ് പോലും തയാറാക്കിയിട്ടില്ലെന്നാണ് താമസക്കാരുടെ പരാതി.
പ്രദേശത്തെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എയ്‌ക്ക് നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ എസ്റ്റിമേറ്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ആരും എത്തിയില്ലെന്നാണ് ആരോപണം.
16 വര്‍ഷം പഴക്കമുള്ള കെട്ടിടം ജീര്‍ണാവസ്ഥയില്‍
14 ബ്ലോക്കുകളിലായി 112 കുടുംബങ്ങള്‍ താമസിക്കുന്ന സമുച്ചയത്തിന്റെ അവസ്ഥ അതീവ പരിതാപകരമാണ്. ഭൂരിഭാഗം താമസക്കാരും മത്സ്യത്തൊഴിലാളികളാണ്. ചുമരുകള്‍ വിണ്ടുകീറിയും മേല്‍ക്കൂരയില്‍നിന്ന് മണ്ണും സിമന്റ് പാളികളും അടര്‍ന്നുവീണും കെട്ടിടം അപകടാവസ്ഥയിലായി. മഴക്കാലമായതോടെ ദുരിതം വര്‍ധിച്ചു. കോണ്‍ക്രീറ്റ് പാളികള്‍ കുട്ടികളുടെ ദേഹത്ത് വീണ സംഭവങ്ങളുമുണ്ടായതായി താമസക്കാര്‍ പറയുന്നു.
ശൗചാലയങ്ങള്‍ തകര്‍ന്നു; വെള്ളത്തിനും ദുരിതം
ശുചിത്വമുള്ള ശൗചാലയങ്ങള്‍ പോലുമില്ലാത്ത അവസ്ഥയാണ് ഫ്ലാറ്റില്‍. പൊട്ടിപ്പൊളിഞ്ഞ ശൗചാലയങ്ങളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നു. രണ്ടുനില കെട്ടിടത്തിലെ മുകളിലത്തെ നിലയിലെ ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്ന വെള്ളം താഴത്തെ ബാത്ത്‌റൂമിലേക്ക് ചോര്‍ന്നെത്തുന്ന സ്ഥിതിയുമുണ്ട്. പല വീടുകളിലും മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതിനാല്‍ അടുക്കളയില്‍ പാത്രങ്ങള്‍ വെച്ചാണ് വെള്ളം ശേഖരിക്കുന്നത്. ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും നനയാതെ സൂക്ഷിക്കാനും സൗകര്യമില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച കുഴല്‍ക്കിണര്‍ അറ്റകുറ്റപ്പണികളുടെ അഭാവത്തില്‍ പ്രവര്‍ത്തനരഹിതമായി. മോട്ടോര്‍ പമ്പ് സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ താഴെനിന്ന് വെള്ളം കോരിമുകളിലെത്തിക്കേണ്ട സ്ഥിതിയാണ്. പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുമൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നു.
നിര്‍മാണത്തിലെ വീഴ്ചയെന്ന് ആരോപണം
കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നതിനു പിന്നില്‍ നിര്‍മാണത്തിലെ വീഴ്ചയുണ്ടെന്നാണ് താമസക്കാരുടെ ആരോപണം. ഇളകിവീഴുന്ന പാളികളില്‍ സിമന്റിനേക്കാള്‍ മണ്ണിന്റെ അളവ് കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മഴ പെയ്യുമ്പോള്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കൊപ്പം വീടിനുള്ളിലേക്ക് വെള്ളവും കുത്തിയൊലിക്കുന്ന സ്ഥിതിയാണ്.
സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2011ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സമുച്ചയം ഉദ്ഘാടനം ചെയ്തത്. കൊല്ലം കോര്‍പറേഷന്റെ 55-ാം ഡിവിഷനിലാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ വയോധികര്‍ വരെ താമസിക്കുന്ന സമുച്ചയത്തില്‍ അപകടസാധ്യത വര്‍ധിക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാണ് പരാതി. അടിയന്തര പരിശോധന നടത്തി കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അറ്റകുറ്റപ്പണികള്‍ ആരംഭിക്കാനും നടപടി വേണമെന്നാണ് താമസക്കാരുടെ ആവശ്യം.
നടപടികളാകാതെ….
കൊല്ലം കോര്‍പ്പറേഷന്‍ മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ സുനാമി ഫ്ലാറ്റ് അറ്റകുറ്റപ്പണി നടത്തുമെന്നും മാലിന്യ പ്ലാന്റ് സ്ഥാപിക്കും എന്നും ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് സുനാമി ഫ്ലാറ്റ് അധികാരികളുടെ യോഗം തഹസില്‍ദാരുടെ ഓഫീസില്‍ വച്ച് നടന്നിരുന്നു. എഇ, വില്ലേജ് ഓഫീസര്‍, കോര്‍പ്പറേഷന്‍ പ്രതിനിധി, കൗണ്‍സിലര്‍, സുനാമി ഫ്ലാറ്റ് പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതുവരെ എസ്റ്റിമേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല.
ഒഴിയാത്ത ദുരിതം
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. മത്സ്യത്തൊഴിലാളികള്‍ ജോലി കഴിഞ്ഞുവന്നാല്‍ സമാധാനത്തോടെ ആഹാരം കഴിക്കാന്‍ പോലുമാകുന്നില്ല.
മണ്ണും സിമന്റുപൊടിയും ഇളകിവീഴുന്ന സ്ഥിതി. മിക്ക വീടുകളിലും കിടപ്പുരോഗികള്‍ ഉണ്ട്. 4000 രൂപയ്‌ക്ക് മുകളിലാണ് ഇവിടെ കറന്റ് ചാര്‍ജ് വരുന്നത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണിത്.
നായശല്യം രൂക്ഷം
സുനാമി പാര്‍പ്പിട സമുച്ചയത്തിന് സമീപത്തും പരിസരപ്രദേശങ്ങളിലും നായശല്യവും രൂക്ഷമാണ്. ആള്‍ത്താമസമുണ്ടെങ്കിലും അനാഥപ്പെട്ട് കിടക്കുന്ന സ്ഥലമായതിനാല്‍ തെരുവുനായകളുടെ വാസസ്ഥലമാണിവിടെ. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്ലാറ്റിലെ അന്തേവാസിയായ കുട്ടിക്ക് നായയുടെ കടി ഏറ്റിരുന്നു. പരിസരം കാടുകയറി കിടക്കുന്നതിനാല്‍ നായകളുടെ വിഹാരകേന്ദ്രമാണ് നിലവില്‍ പ്രദേശം.











