Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ്വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതകളാണുളളതെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കുണ്ടറയില്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (NCCF) നേതൃത്വത്തിലുള്ള വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ കേന്ദ്രത്തില്‍ സഹകരണ മേഖലയ്‌ക്കായി ഒരു പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യം ജനങ്ങള്‍ ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചു.അത് കര്‍ഷകര്‍ക്ക് വലിയ പ്രയോജനം നല്‍കുകയും ചെയ്‌തെന്ന് അമിത് ഷാ പറഞ്ഞു.

വനിതാ സംരംഭകര്‍ക്ക് വിപണിയുമായി ബന്ധപ്പെടുന്നതിന് ‘ഷീ മാര്‍ട്ട്’ (She Mart) എന്ന ആശയം മികച്ചൊരു വേദി ഒരുക്കിക്കൊടുക്കും. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 25,000ത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ തുറക്കും. കേരളത്തില്‍ തങ്ങളുടെ എല്ലാ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കുന്നതില്‍ ഭാരത സര്‍ക്കാരിന് സന്താഷമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്റ്റാളും അമിത് ഷാ സന്ദര്‍ശിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ എം ലിജു, പി സി. വിഷ്ണുനാഥ്, എന്‍ കെ. പ്രേമചന്ദ്രന്‍ എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Recent Posts