Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Published by
ആര്‍. പ്രസന്നകുമാര്‍ കടമ്മനിട്ട

54
ഹിമനന്ദിനീ പരമശിവഭാമിനീ, പതിത
ജനപാലിനീ സര്‍വ്വജനനീ
കൃപയാര്‍ന്ന നിന്‍ നയനഗതിയാം സുധാനദിയി –
ലുലകങ്ങളാറാടി നില്പൂ
അരുണാംഗിയാം ശോണ, ധവളാംഗി ഗംഗ ശുഭ
ഘനശ്യാമയാം യമുനയിവകള്‍
കലരുന്ന പുണ്യതമതീര്‍ത്ഥം കടാക്ഷമതി –
ലഘമറ്റു മുങ്ങിനിവരുന്നേന്‍

55
ഉദയം ജഗത്തിനുളവാകും നിനക്കു മിഴി –
യുണരുമ്പോഴെന്നുമതുപോല –
ങ്ങടയുമ്പൊഴോ പ്രളയമണയുന്നിതെന്നുമിതി
പുകഴുന്നിതേറ്റമറിവുള്ളോര്‍
പരമേശ്വരീ, പകലുമിരവും സശ്രദ്ധമിഹ
മിഴിചിമ്മിടാതെയുലകെല്ലാം
പ്രളയാധിയില്‍നിന്നു പരിപാലനം ചെയ്തു
വിലസും ഭവല്‍കൃപ ജയിപ്പൂ

56
അമ്മേ, ഭവന്മിഴികള്‍ കര്‍ണ്ണേ മൊഴിഞ്ഞ ചില
ദുര്‍ബോധനങ്ങള്‍ സഹിയാഞ്ഞ –
പ്പെണ്‍മീനുകള്‍ കണ്ണുചിമ്മാതടിക്കടലി –
ലെന്നും ഭയന്നു കഴിയുന്നു
ഇന്ദീവരങ്ങളിതളെല്ലാമൊതുക്കിയിത,
കണ്‍പൂട്ടി നിന്നു വിറകൊള്‍വൂ
നിന്‍ താമരാക്ഷികളിലല്ലോ സദാ കുസുമ –
കന്നിക്കു നിത്യമധിവാസം

Recent Posts