India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പഞ്ചാബിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി കറുത്ത കുതിരയായി മാറുമെന്ന് മാട്രിസ് സര്‍വ്വേഫലം പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വ്വേ ഫലത്തില്‍ ബിജെപി പഞ്ചാബില്‍ 22 മുതല്‍ 27 സീറ്റുവരെ പിടിക്കുമെന്നാണ് പറയുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലുധിയാന: പഞ്ചാബിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി കറുത്ത കുതിരയായി മാറുമെന്ന് മാട്രിസ് സര്‍വ്വേഫലം പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വ്വേ ഫലത്തില്‍ ബിജെപി പഞ്ചാബില്‍ 22 മുതല്‍ 27 സീറ്റുവരെ പിടിക്കുമെന്നാണ് പറയുന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെ ലഭിച്ചത് രണ്ട് സീറ്റുകളാണ്.

അതുപോലെ ശിരോമണി അകാലിദള്‍ 15 മുതല്‍ 25 സീറ്റുവരെ നേടാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ശിരോമണി അകാലിദളും ബിജെപിയും ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് 2027ല്‍ മത്സരിക്കുകയെങ്കിലും തെരഞ്ഞെടുപ്പാനന്തരം സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ട്. 2022ല്‍ ശിരോമണി അകാലിദളിന് ആകെ ലഭിച്ചത് മൂന്ന് സീറ്റുകള്‍ മാത്രമാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക് മന്ത്രിസഭയില്‍ ആം ആദ്മിക്ക് 40 മുതല്‍ 45 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും പ്രവചിക്കുന്നു. 2022ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് തൂത്തുവാരിയ പാര്‍ട്ടിയാണ് ആം ആദ്മി. ആകെ 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയില്‍ ആം ആദ്മി പിടിച്ചത് 92 സീറ്റുകളാണ്. അവിടെ നിന്നും വന്‍ വീഴ്ചയാണ് ആം ആദ്മി പാര്‍ട്ടിക്ക് ഉണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസിനാകട്ടെ 35 മുതല്‍ 40 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. കോണ്‍ഗ്രസിന് 2022ല്‍ 18 സീറ്റുകളേ ലഭിച്ചിരുന്നുള്ളൂ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബും ബിജെപി പിടിക്കുമെന്ന് ക്രിക്കറ്റ് താരം യുവരാജ് സിംഗ് പറഞ്ഞിട്ട് അധികാനാളായിട്ടില്ല. പഞ്ചാബിലെ തദ്ദേശീയ സ്ഥപാനങ്ങളിലെ തെരഞെടുപ്പില്‍ ബിജെപി നേടിയ വിജയം. അത്യുഗ്രനായിരുന്നു. പഞ്ചാബിലെ കാലിഫോര്‍ണിയ എന്ന് അറിയപ്പെടുന്ന അബോഹറിലെ മേയര്‍ സ്ഥാനം പോലും ബിജെപി പിടിച്ചിരുന്നു. ഇവിടുത്തെ 50 കൗണ്‍സിലര്‍മാരില്‍ 28 എണ്ണം ബിജെപിയ്‌ക്കാരാണ്.. കൃഷിക്ക് ഏറെ അറിയപ്പെടുന്ന, സമ്പന്നമായ പ്രദേശമാണ് അബോഹര്‍. ഈ വിജയം വലിയ വിജയമായി ബിജെപി കണക്കാക്കുന്നു. മൊത്തം 171 സീറ്റുകള്‍ബിജെപി ഇവിടെ പിടിച്ചു.

ഇത്തവണ ബിജെപി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നിയെ പഞ്ചാബില്‍ തദ്ദേശീയ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് ഇറക്കിയിരുന്നു. ഒബിസി സിഖുകാരനാണ് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി. സെയ്നിയുടെ അമ്മ പഞ്ചാബിയാണ്. കാവി തലക്കെട്ട് കെട്ടിയാണ് സെയ്നി പഞ്ചാബില് പ്രത്യക്ഷപ്പെട്ടത്. അധികവും അദ്ദേഹം എസ് സി, എസ് ടി യോഗങ്ങളിലാണ് പങ്കെടുത്തത്. ഏകദേശം 71ഓളം ഇത്തരം മീറ്റിംഗുകളില്‍ സെയ്നി പ്രസംഗിച്ചിരുന്നു. ഇത് വലിയ മാറ്റം പഞ്ചാബില്‍ ഉണ്ടാക്കി.

പഞ്ചാബില്‍ ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയിറിംഗ്
ബിജെപി പഞ്ചാബില്‍ പാര്‍ട്ടിയെ പൊളിച്ചുപണിയുകയാണ്. ലക്ഷ്യം 2027ലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. ഒന്നുകില്‍ ബിജെപി ഭരണം പിടിക്കണം. അതല്ലെങ്കില്‍ പ്രധാന പ്രതിപക്ഷമാകണം. ഇതാണ് ലക്ഷ്യം. മുന്‍ കോണ്‍ഗ്രസ് നേതാവായ കേവല്‍ സിങ്ങ് ധില്ലനെ ബിജെപിയുടെ പഞ്ചാലിലെ പുതിയ പ്രസിഡന്‍റായി ബിജെപി നിയോഗിച്ചു കഴിഞ്ഞു. ബിജെപിയുടെ ജാഠ് -സിഖ് മുഖമായി ധില്ലന്‍ മാറും. കേവല്‍സിങ്ങ് ധില്ലന് ഹിന്ദു ബന്ധം, ദളിത് സമ്പര്‍ക്കം ഇതെല്ലാം വര്‍ധിപ്പിക്കാന്‍ കഴിയും. പഞ്ചാബില്‍ ബിജെപി ഒരുഹിന്ദു പാര്‍ട്ടിയാണെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണം പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പഞ്ചാബില്‍ ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമാണിത്. പഞ്ചാബില്‍ ഭൂരിപക്ഷ സമുദായക്കാരായ ജാഠ് സിഖ് സമുഹത്തെ പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മാത്രമല്ല, കേവല്‍ സിങ്ങ് ധില്ലന്‍ സിഖുകാരനായതിനാല്‍ സിഖുകാര്‍ക്കും ബിജെപിയോട് വിരോധമുണ്ടാകില്ല.
പഞ്ചാബില്‍ 31 ശതമാനം ജാഠ് സിഖുകാരാണ്. മറ്റൊരു 31 ശതമാനം സിഖ് ഇതര ഒബിസിയാണ്. ഏതാണ് അത്ര തന്നെ ദളിതരുമുണ്ട്. ആറോ ഏഴോ ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. ഒരു ഭാഗത്ത് സിഖ് മുഖമായ ധില്ലനെ ഇറക്കിവിടുന്നു. യൂത്തിനെ ആകര്‍ഷിക്കാന്‍ രാഘവ് ഛദ്ദയെ ഇറക്കുന്നു. ദളിതരെ ആകര്‍ഷിക്കന്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നിയെ ഇറക്കിവിടുന്നു. സിഖ് ഇതര വോട്ടുകള്‍ ഏകീകരിക്കുക എന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. ഇങ്ങിനെ പല തലങ്ങളിലുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് ബിജെപിയുടേത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാണ് പഞ്ചാബില്‍. ജനം കോണ്‍ഗ്രസിനെ വെറുത്തപ്പോഴാണ് അവിടെ ആം ആദ്മി വന്നത്. ഇപ്പോള്‍ ആം ആദ്മിയെയും ജനങ്ങള്‍ വെറുത്തുതുടങ്ങിയിരിക്കുന്നു. 2027ല്‍ മാര്‍ച്ചിലാണ് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആകെ 117 സീറ്റുകളേ ഉള്ളൂ പഞ്ചാബ് നിയമസഭയില്‍.
ഇക്കുറി ഒരു പക്ഷെ മുന്നണി രൂപീകരിക്കാന്‍ ശിരോമണി അകാലിദളിനെ ബിജെപി മുന്നില്‍ കാണുന്നു. ഇക്കുറി തദ്ദേശസ്ഥാപനങ്ങളില്‍ ശിരോമണി അകാലിദള്‍ നിരവധി സീറ്റുകള്‍ പിടിച്ചിട്ടുണ്ട്. അതുപോലെ നിരവധി സ്വതന്ത്രരും സീറ്റുകള്‍ പിടിച്ചിട്ടുണ്ട്. ഇവരെയും ബിജെപി കൂടെക്കാട്ടാന്‍ ശ്രമിക്കും.
പഞ്ചാബിന്റെ പ്രാധാന്യം
എങ്ങിനെയാണോ ബംഗാളും അസമും ബിജെപിയ്‌ക്ക് ഇന്ത്യയെ രക്ഷിക്കാന്‍ ആവശ്യമായത്. അതുപോലെ പഞ്ചാബും പിടിക്കേണ്ടത് ബിജെപിയ്‌ക്ക് അത്യാവശ്യമാണ്. പാകിസ്ഥാനുമായി 533 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവെയ്‌ക്കുന്ന പഞ്ചാബില്‍ അടിക്കടി പാകിസ്ഥാനില്‍നിന്നുള്ള ആക്രമണം നടക്കുന്നു. ഈയിടെപ്പോലും ബിഎസ് എഫ് കേന്ദ്രത്തിലാണ് സ്ഫോടനം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതില്‍ ഒരു പ്രധാന കേന്ദ്ര പഞ്ചാബായിരുന്നു. മതപരിവര്‍ത്തനത്തിന്റെ വലിയൊരു കേന്ദ്രമാണ് പഞ്ചാബ്. ക്രിസ്തീയമതപരിവര്‍ത്തനം പരിധിവിട്ടാണ് ഇവിടെ നടക്കുന്നത്. ഇതിന് ഒരു കാരണം ഇവിടുത്തെ വന്‍തോതിലുള്ള ലഹരി മരുന്ന് ഉപയോഗമാണ്. ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ്, ആം ആദ്മി എന്നീ സര്‍ക്കാരുകളുടെ ദുര്‍ബലമായ ഭരണമാണ് ഇവിടുത്തെ ദുര്യോഗത്തിന് കാരണം. ഇത് മാറ്റണം.
അതുപോലെ അടിക്കടി കര്‍ഷകസമരം എന്ന പേരില്‍ ദല്‍ഹിയില്‍ പ്രശ്നമുണ്ടാക്കാന്‍ കോണ്‍ഗ്രസും ആം ആദ്മിയും കമ്മികളും ആശ്രയിക്കുന്നത് പഞ്ചാബിലെ ജാഠ് സിഖുകാരെയാണ്. ഇവര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചാല്‍ അത് ബിജെപിയ്‌ക്ക് വലിയ കരുത്താകും.

Recent Posts