കൊച്ചി: കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയുടെ കമ്മീഷനിംഗ് കായംകുളം താപ വൈദ്യുത നിലയത്തിന് വീണ്ടും പ്രവർത്തനസജ്ജമാകാനുള്ള അവസരം സൃഷ്ടിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
പദ്ധതി യാഥാർത്ഥ്യമായാൽ വൈദ്യുതി ആവശ്യകത ഉയരുന്ന സമയങ്ങളിൽ കായംകുളം വൈദ്യുത നിലയം ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതുവഴി വൈദ്യുതി ഗ്രിഡിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും ഉയർന്ന നിരക്കിൽ പീക്ക്-പവർ വാങ്ങേണ്ട സാഹചര്യം കുറയ്‌ക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് 2,448.70 കോടി രൂപ ചെലവിൽ കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയതിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 424.65 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പൈപ്പ്‌ലൈൻ പദ്ധതി കൊച്ചിയെ കന്യാകുമാരിയുമായും തൂത്തുക്കുടിയുമായും ബന്ധിപ്പിക്കും.
ഇത് ദക്ഷിണ കേരളത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതോടൊപ്പം, ദീർഘകാല അടിസ്ഥാന സൗകര്യ വികസനത്തിനും വഴിതെളിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം ആദ്യം പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (നൽകിയ അനുമതിക്ക് പിന്നാലെ നടന്ന മത്സരാധിഷ്ഠിത ടെൻഡർ നടപടികളിൽ ഐഒസി വിജയിച്ചാണ് പദ്ധതി ഏറ്റെടുത്തത്. പൈപ്പ്‌ലൈനിന്റെ രൂപകൽപ്പന ചെയ്ത ശേഷി പ്രതിദിനം 6.84 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ ആണ്. കൊച്ചി എൽഎൻജി ടെർമിനലിൽ നിന്ന് പുനർവാതകവൽക്കരിച്ച പ്രകൃതിവാതകം ദക്ഷിണ കേരളത്തിലും ദക്ഷിണ തമിഴ്നാട്ടിലുമുള്ള ഉപഭോക്തൃ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പൈപ്പ്‌ലൈനിലൂടെ ദക്ഷിണ കേരളത്തിലേക്ക് കൂടുതൽ വിശ്വസനീയവും തടസ്സരഹിതവുമായ പ്രകൃതിവാതക വിതരണം ഉറപ്പാക്കാനാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നിലവിൽ റോഡ് മാർഗം എത്തിക്കുന്ന എൽഎൻജിയിലേക്കുള്ള ആശ്രയം കുറയ്‌ക്കാനും ഇത് സഹായിക്കും.
കൂടാതെ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ശൃംഖലയുടെ വികസനത്തിനും ഇത് സഹായകരമാകും. വീടുകളിലേക്കുള്ള പൈപ്പ്‍ഡ് നാച്ചുറൽ ഗ്യാസ് (PNG) വിതരണവും വാഹനങ്ങൾക്ക് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ലഭ്യതയും കൂടുതൽ വ്യാപിപ്പിക്കാൻ സാധിക്കും.
ഇതുവഴി വീടുകൾ, ഗതാഗത മേഖല, വ്യാപാര സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയ്‌ക്ക് കൂടുതൽ ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറാൻ അവസരം ലഭിക്കും.
നിലവിൽ നാഫ്ത, ഫർണസ് ഓയിൽ, ഡീസൽ, എൽപിജി തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് പ്രകൃതിവാതകത്തിലേക്ക് മാറാനുള്ള അവസരവും പദ്ധതി നൽകും.
പ്രകൃതിവാതകത്തിന് കുറഞ്ഞ പ്രാദേശിക മലിനീകരണവും കൂടുതൽ ശുദ്ധമായ ജ്വലനശേഷിയും ഉള്ളതിനാൽ പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന നിലയിലും ഇത് പ്രാധാന്യമർഹിക്കുന്നു. കൂടാതെ ദ്രാവക ഇന്ധനങ്ങളെ അപേക്ഷിച്ച് കൈകാര്യം ചെയ്യാനും സംഭരിക്കാനും എളുപ്പമാണ്.
കായംകുളത്തെ എൻടിപിസിയുടെ 359 മെഗാവാട്ട് ശേഷിയുള്ള രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രോജക്ട് ആരംഭത്തിൽ നാഫ്ത ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ യൂണിറ്റിന് ഏകദേശം 15 രൂപ വരെ വൈദ്യുതി ഉത്പാദനച്ചെലവ് വരുന്നതിനാൽ അത് സാമ്പത്തികമായി ലാഭകരമല്ലെന്ന് കണ്ട കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് 2017 മുതൽ അവിടെ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് നിർത്തി. തുടർന്ന് എൻടിപിസിയും പ്ലാന്റിലെ വൈദ്യുതി ഉത്പാദനം അവസാനിപ്പിച്ചു.
പ്രകൃതിവാതക പൈപ്പ്‌ലൈൻ കായംകുളത്തിന് സമീപമെത്തുന്നതോടെ, ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉത്പാദനം സാമ്പത്തികമായി പ്രായോഗികമാണോ, ഗ്രിഡിന്റെ ആവശ്യകത എന്താണ്, പ്ലാന്റിന്റെ സാങ്കേതിക സജ്ജത എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി ആവശ്യകത കൂടുതലുള്ള സമയങ്ങളിൽ നിലയം വീണ്ടും പ്രവർത്തിപ്പിക്കാനുള്ള സാധ്യത ഉയരുമെന്നാണ് വിലയിരുത്തൽ.
















