
ആലുവ : സ്വന്തം ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് മറ്റാർക്കും ‘കൈമാറരുതെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. സൈബർ കുറ്റവാളികൾ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാൻ ഇത്തരം അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. യുവാക്കളും വിദ്യാർത്ഥികളും സാധാരണക്കാരുമാണ് ഇത്തരം തട്ടിപ്പുകളിൽ വീണ്പോകുന്നത്.
വലിയ വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ സമീപിക്കുന്നത്. ആഴ്ച തോറും ഒരു നിശ്ചിത തുക തരാമെന്നും അതുമല്ലെങ്കിൽ അക്കൗണ്ടിൽ വരുന്ന തുകയ്‌ക്ക് കമ്മീഷൻ നൽകാമെന്നു മൊക്കെയാണ് ഇവരുടെ വാഗ്ദാനം. ഇതിൽ പെട്ട് ‘ വിദ്യാർത്ഥികളും മറ്റും തങ്ങളുടെ അക്കൗണ്ടുകൾ തട്ടിപ്പ് സംഘത്തിന് കൈമാറുന്നു. ഇത്തരം അക്കൗണ്ടുകളുടെ പൂർണ്ണ നിയന്ത്രണം തട്ടിപ്പ് സംഘത്തിന് മാത്രമായിരിക്കും
സൈബർ തട്ടിപ്പിനിരയായവർ പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിക്കുമ്പോഴാണ് അക്കൗണ്ട് എടുത്തു നൽകിയവർ മിക്കവാറും സംഭവം അറിയുന്നത് . തങ്ങളുടെ അക്കൗണ്ടിലൂടെ വലിയൊരു തുകയുടെ ഇടപാട് ആയിരിക്കും ഒരു ചെറിയ സമയത്തിനുള്ളിൽ നടന്നിട്ടുണ്ടാവുക. തുടർന്ന് അക്കൗണ്ടുടമയും കേസിൽ ഉൾപ്പെടും.
സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നൽകുകയോ മറ്റുള്ളവരുടെ പണം നിങ്ങളുടെ അക്കൗണ്ടിലൂടെ സ്വീകരിക്കുകയോ മാറ്റുകയോ അരുത്. സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കുകയോ ചെയ്യരുത്.
മറ്റൊരാളുടെ അനധികൃത അല്ലെങ്കിൽ തട്ടിപ്പ് പണം സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അക്കൗണ്ടാണ് മ്യൂൾ അക്കൗണ്ട് .ഇത്തരം അക്കൗണ്ട് ഉടമകളാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നൽകുകയോ മറ്റുള്ളവരുടെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്.
അക്കൗണ്ടുകളിലൂടെ നടക്കുന്ന ഇടപാടുകളുടെ പൂർണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയ്‌ക്കായിരിക്കും. നിങ്ങളുടെ അക്കൗണ്ടിലൂടെ ഇടപാട് നടത്തുന്നതിന് കമ്മീഷനോ പ്രതിഫലമോ ലഭിക്കുന്ന തരത്തിലുള്ള വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാൽ അവരെ കുറിച്ചുള്ള വിവരങ്ങൾ സ്ഥലത്തെ പോലീസ് സ്റ്റേഷനിലോ 1 9 3 0 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കേണ്ടതാണ്.