ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരിന്റെയും പൂക്കളും പുല്ലും ചിഹ്നത്തിന്റെയും തര്‍ക്കത്തില്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. പേരും ചിഹ്നവും മരവിപ്പിക്കാനുള്ള ഇടക്കാല തീരുമാനത്തെ ചോദ്യം ചെയ്ത് മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ട ബെഞ്ചിന്‌റെ ഉത്തരവ്.
കക്ഷികള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ അവസരം നല്‍കുന്ന ന്യായമായ സമയപരിധി വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് 28 ന് വാദം കേള്‍ക്കാന്‍ മാറ്റി.
മമത ബാനര്‍ജിയുടെയും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര്, ചിഹ്നം, സംഘടനാ നിയന്ത്രണം എന്നിവയില്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 17 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേരും ചിഹ്നവും മരവിപ്പിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
















