48
ദിനകരനുസമമെരിയുമൊരു നയനമതിനുടയ
തനയരിവര്‍ പകലുകളിവണ്ണം
ഹിമശിഖരിതനയ തവ തുഹിനകരമിടതുമിഴി –
യതു നിശകള്‍ പെറുമിവിടെയെന്നും
കനകമയകമലനിഭമിനിയുമൊരു മിഴയിടയി –
ലരുണഗുണവര്‍ണമഭിരാമം
ദിനനിശകളിടകലരുമുഷസുകളുമന്തികളു-
മവളുടെ കിടാങ്ങള്‍ സമയാംബേ !
49
ഭംഗ്യാ വിടര്‍ന്ന മിഴിയല്ലോ വിശാല, തവ
കല്യാണി മംഗളമനോജ്ഞാ
സംഗ്രാമമെന്യേ വിജയിപ്പോന്നയോദ്ധ്യ, കൃപ
പെയ്യുന്നതേ ധാര, മധുരാ
നീളം പെടും നയനമാഭോഗവതി, ഭക്ത
കാരുണ്യഭാവിനിയവന്തീ
ലോകം ജയിക്കുന്നു വിജയാ, നിനക്കു മിഴി –
യീ ലോകമൊക്കെ ജഗദംബേ !
50
ചൊല്ലാര്‍ന്ന സത്കവികള്‍ ചൊല്ലുന്ന കാവ്യമധു
തെല്ലും വിടാതെ നുകരും നിന്‍
കര്‍ണ്ണങ്ങളില്‍ കൊതികലര്‍ന്നൊട്ടിനില്ക്കുമിരു
വണ്ടല്ലി, നിന്‍ മിഴികള്‍ രണ്ടും
നെറ്റിത്തടത്തിലിഹ മറ്റേ മിഴിയ്‌ക്കിവരില്‍
മുറ്റുന്നസൂയയതിനാലോ
പറ്റുന്നു ചെറ്റരുണവര്‍ണ്ണം, മഹേശ്വരനു
ഹൃത്തില്‍ വിളങ്ങുമരുണാഖ്യേ !
















