കക്കാമിഗഹാര: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ശ്രീലങ്കയെ ഗോള്‍മഴയില്‍ മുക്കി ഭാരതത്തിന് തകര്‍പ്പന്‍ വിജയം.
പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ പതിനാറ് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഭാരതം ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. നാല് ഗോളുകള്‍ നേടിയ ജുഗ്‌രാജ് സിംഗും ഹാട്രിക് സ്വന്തമാക്കിയ അഭിഷേക് നയിന്‍, ദില്‍പ്രീത് സിംഗ് എന്നിവരുമാണ് ഭാരതത്തിന്റെ വിജയത്തിന് നേതൃത്വം നല്‍കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്, മന്‍ദീപ് സിംഗ്, വിവേക് സാഗര്‍ പ്രസാദ് എന്നിവര്‍ ഓരോ ഗോള്‍ വീതം കണ്ടെത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ശ്രീലങ്ക തങ്ങളുടെ ഏക ആശ്വാസ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യയെ 131ന് തോല്‍പ്പിച്ച ഭാരതം, ഈ ജയത്തോടെ പൂളില്‍ ആധിപത്യം തുടരുകയാണ്. ദക്ഷിണ കൊറിയക്കെതിരെയാണ് ഭാരതത്തിന്റെ അടുത്ത മത്സരം.
















