തുറവൂര്‍ (ആലപ്പുഴ): തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്ര സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
തുറവൂര്‍ മഹാക്ഷേത്രത്തില്‍ കാണാതായ 19 ഇന അമൂല്യവസ്തുക്കള്‍ വൈക്കത്തെ സ്ട്രോങ് റൂമില്‍ ഇല്ലാത്ത കാര്യം കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. തിരുവാഭരണങ്ങള്‍ വിലപ്പെട്ട വസ്തുക്കള്‍ മാത്രമല്ല ക്ഷേത്ര പൈതൃകത്തിന്റെ അഭിഭാജ്യഘടകങ്ങളാണെന്നും ജസ്റ്റിസുമാരയ വി.ജെ. രാജവിജയരാഘവന്‍, കെ. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ 17 സ്ട്രോങ് റൂമുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം പ്ലാസ്റ്റിക് കവറുകളിലാക്കി തടിപ്പെട്ടികളിലും ഇരുമ്പുപെട്ടികളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. തിരുവാഭരണങ്ങളും മറ്റ് അമൂല്യവസ്തുക്കളും തിരിച്ചറിയാന്‍ ഇപ്പോള്‍ കഴിയുന്നില്ല. ഇതിന് പരിഹാരമായി ആവശ്യത്തിന് ഇളക്കിമാറ്റാനും കുട്ടിച്ചേര്‍ക്കാനും പറ്റുന്ന മോഡുലാര്‍ ലോക്കര്‍ സിസ്റ്റം ഒരുക്കണമെന്നാണ് കോടതി നിര്‍ദേശം. ഓരോ തിരുവാഭരണത്തിനും ക്യുആര്‍ കോഡോ, ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനമോ ഒരുക്കണം. കൂടുതല്‍ പ്രാധാന്യമുള്ള ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ ചെറിയ ലോക്കറുകളും ഇരട്ടത്താക്കോല്‍ സംവിധാനവും വേണം. ആഭരണങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ ഡിജിറ്റല്‍ ഡേറ്റാബേസില്‍ ഉള്‍ക്കൊള്ളിക്കണം. ആഭരണങ്ങള്‍ ആരുടെ കൈവശമാണ് എവിടെയാണ്, എപ്പോഴാണ് പുറത്തെടുത്തത് തുടങ്ങിയ വിവരങ്ങളറിയാന്‍ ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനവും തയാറാക്കണം.
ഉത്സവങ്ങള്‍ക്കും മറ്റ് അടിയന്തര ചടങ്ങുകള്‍ക്കും തിരുവാഭരണങ്ങള്‍ ശ്രീകോവിലിലേക്ക് മാറ്റുമ്പോള്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ മൂവ്മെന്റ് ഡിജിറ്റല്‍ സംവിധാനം ഒരുക്കണം. സ്ട്രോങ് റൂമുകളില്‍ സിസിടിവി നിരീക്ഷണം, പ്രവേശന നിയന്ത്രണം, അലാറം, തീപ്പിടുത്ത സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനവും സജ്ജമാക്കണം. ആഭരണങ്ങള്‍ ഉപയോഗശൂന്യമാണോ അല്ലയോ എന്ന് നിശ്ചയിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണം. സംരക്ഷണ വിദഗ്ധര്‍, കെട്ടിട ഘടനാ വിദഗ്ധര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, തിരുവാഭരണ കമ്മിഷണറുടെ ഓഫീസ് പ്രതിനിധി എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് രൂപീകരിക്കേണ്ടത്. വിലപിടിപ്പുള്ള ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
















