തിരുവനന്തപുരം: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 55 ദിവസം മാത്രം അവശേഷിച്ചിരിക്കെ, ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ബി.ജെ.പി. ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടില്ല. റോഡ് നവീകരണം, ജലവിതരണം, ശൗചാലയം തുടങ്ങി അത്യാവശ്യ സൗകര്യങ്ങൾക്ക് വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
സന്നിധാനത്ത് കന്നിമാസ പൂജയോടനുബന്ധിച്ചുണ്ടായ രൂക്ഷമായ അരവണ വിതരണ പ്രതിസന്ധി ദേവസ്വം ബോർഡ് ചോദിച്ചു വാങ്ങിയ പ്രശ്നമാണ്. ഭരണാധികാരികളുടെയും ദേവസ്വം ബോർഡിന്റെയും പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണം. സീസൺ ആരംഭിക്കുന്നതിന് മുൻപ് സ്വീകരിക്കേണ്ട യാതൊരുവിധ മുൻകരുതലുകളും ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രത്തിൽ വിശ്വാസത്തിന്റെ ഭാഗമായ പ്രസാദം പോലും ലഭിക്കാത്ത അപമാനകരമായ സാഹചര്യമാണ് നിലവിലുള്ളത്. യാതൊരു ദീർഘവീക്ഷണവുമില്ലാതെ നിർമ്മാണ പ്ലാന്റ് പൊളിച്ചു മാറ്റിയതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നും, രണ്ട് മാസത്തെ പൂജകൾക്കായി 10 ലക്ഷം കണ്ടെയ്നർ ആവശ്യമുണ്ടെങ്കിലും ബഫർ സ്റ്റോക്ക് സൂക്ഷിക്കാതെ ഫാക്ടറി പൊളിച്ചു മാറ്റിയത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നട തുറക്കുന്നതിന് തൊട്ടുമുമ്പ് മാത്രം അറ്റകുറ്റപ്പണികളും പ്ലാന്റ് നവീകരണവും ആരംഭിച്ച ബോർഡിന്റെ അശാസ്ത്രീയമായ നടപടികളാണ് ഈ പ്രതിസന്ധിക്ക് കാരണം. 2009-ൽ ഇറ്റലിയിലെ ജല്ലിബെല്ലി കമ്പനിയിൽ നിന്നും 3 കോടി രൂപയ്ക്ക് ഒരു മണിക്കൂറിൽ 1 ലക്ഷം കണ്ടെയ്നർ ഉണ്ടാക്കുന്ന പുതിയ ഫാക്ടറി സ്ഥാപിക്കാൻ റിപ്പോർട്ട് നൽകിയിട്ടും, ആ നിർദ്ദേശം അധികൃതർ തള്ളി. പുതിയ ഫാക്ടറി സ്ഥാപിച്ചിരുന്നെങ്കിൽ ആവശ്യത്തിന് അരവണ നിർമ്മിക്കാൻ കഴിയുമായിരുന്നു. സ്റ്റാഫുകളുടെ ആവശ്യം പോലുമില്ലാത്ത ആ ആധുനിക സംവിധാനം നടപ്പിലാക്കാത്തത് ബോർഡിന്റെ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇപ്പോഴും വാർപ്പും പാനും ഉപയോഗിച്ചാണ് അരവണ ഉണ്ടാക്കുന്നത്. കൂളിംഗ് ചേമ്പറിലൂടെ തണുപ്പിച്ച് ഫില്ലിംഗ് സെന്ററിലേക്ക് നൽകുന്ന കാലഹരണപ്പെട്ട രീതിയാണ് തുടരുന്നത്.
അതുപോലെ തെർമൽ ഫ്ലൂയിഡ് സ്റ്റേഷൻ അപകടത്തെത്തുടർന്ന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നൽകിയ സുരക്ഷാ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ബോർഡ് പൂർണ്ണമായി അവഗണിക്കുകയാണുണ്ടായത്. അയ്യപ്പന്റെ പീഠത്തിന് താഴെയുള്ള ഈ ഫാക്ടറിയും തെർമൽ ഫ്ലൂയിഡും വലിയൊരു ഭീഷണിയാണെന്നും ഇത് അടിയന്തരമായി മാളികപ്പുറത്തേക്ക് മാറ്റണമെന്നുമുള്ള ഫയർ ഫോഴ്സിന്റെ റിപ്പോർട്ടും ബോർഡ് നടപ്പിലാക്കിയില്ല. ഫാക്ടറി മാളികപ്പുറത്തേക്ക് മാറ്റിയിരുന്നെങ്കിൽ പടിചവിട്ടി വരുന്ന ഭക്തർക്ക് അവിടുന്നു വാങ്ങി നേരെ മരക്കൂട്ടത്തിലേക്ക് പോകാനും സന്നിധാനത്തെ തിരക്ക് ഒഴിവാക്കാനും കഴിയും.
ഗുരുതര വീഴ്ചയ്ക്ക് കാരണക്കാരായ ദേവസ്വം ബോർഡ് അധികാരികളെ ഉടൻ പുറത്താക്കണമെന്നും, അരവണ ഉത്പാദനം പൂർണ്ണ ശേഷിയിലാക്കി ഭക്തരുടെ ദുരിതം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
















