കൊച്ചി: ഉര്‍വ്വശി നായികയായ ആശ എന്ന സിനിമ തിയറ്റര്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍ സനല്‍ പറയുന്നു:”എഴുതി വന്നപ്പോള്‍ ഈ സങ്കീര്‍ണ്ണമായ സ്ത്രീകഥാപാത്രത്തെ ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ എന്ന് ഉറപ്പായി”
“ഒരു ഡ്രീം പ്രൊജക്ട് പോലെ തുടക്കത്തില്‍ ആശ എന്ന സിനിമയില്‍ നായകനായി മമ്മൂട്ടിയെയോ കമല്‍ഹാസനെയോ കൊണ്ടുവരണമെന്ന് ജോജുവുമായുള്ള ഡിസ്കഷനില്‍ ആലോചിച്ചിരുന്നു. പക്ഷെ പിന്നീടാണ് ഒരു സ്ത്രീനായികാകഥാപാത്രത്തില്‍ ഊന്നി സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യാമെന്ന് തോന്നിയത്. അതോടെ ഈ സ്ത്രീകഥാപാത്രം വികസിച്ച് വികസിച്ച് വന്നു. ഈ കഥാപാത്രം വലിയൊരു ക്യാന്‍വാസിലേക്ക് വന്നു. ഞങ്ങള്‍ എല്ലാ രീതിയിലും ചിന്തിച്ചപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ ഒറ്റയാളേ ഉള്ളൂ എന്ന് മനസ്സിലായി. അത് ഉര്‍വ്വശിച്ചേച്ചിയാണ്. “.- സംവിധായകന്‍ സഫര്‍ സനല്‍ പറയുന്നു.
ഒരു സിംഗിള്‍ പേരന്‍റായ സ്ത്രീയാണ് ആശ. അവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. ഈ മക്കള്‍ക്ക് വേണ്ടി ക്രൈം ചെയ്യാന്‍ പോലും മടിക്കാത്ത വിചിത്രസ്വഭാവക്കാരിയായ കഥാപാത്രമാണ് ആശ. ഈ ആശയുടെ എല്ലാ സങ്കീര്‍ണ്ണമായ ഭാവങ്ങളെയും ഉര്‍വ്വശി ആവാഹിച്ചെടുത്ത് അവതരിപ്പിച്ച് ഫലിപ്പിച്ചു. അതാണ് ആശ എന്ന സിനിമയെ അസാധാരണഅനുഭവമാക്കിയത്.
ഈ ആശ എന്ന കഥാപാത്രം തനിക്കും ഷൂട്ടിംഗ് സമയത്ത് വലിയ അസ്വസ്ഥത നല്‍കിയെന്നും ഉര്‍വ്വശി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. “താന്‍ എല്ലാ കഥാപാത്രങ്ങളെയും ഇങ്ങോട്ട് മാടിവിളിക്കുന്ന ആളാണ്. ഒരു കഥാപാത്രങ്ങളെയും അടുത്തേക്ക് അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ല. ഉള്ളൊഴുക്കിലെ കഥാപാത്രത്തെപ്പോലും ഇങ്ങോട്ട് വിളിച്ചിരുന്നു. ഉള്ളൊഴുക്കില്‍ ഞാനുണ്ട്, എന്റെ അമ്മയുണ്ട്. മറ്റ് അറിയുന്ന സ്ത്രീകളുണ്ട്. പക്ഷെ ആശയിലെ കഥാപാത്രം ഇങ്ങോട്ട് വിളിച്ചാലും അടുത്തോട്ട് വരുന്നില്ല. ആ കഥാപാത്രം ഇങ്ങിനെ വാശിപിടിച്ച് നില്‍ക്കാണ്. ഒടുവില്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന നിലയില്‍ ചെയ്യുകയായിരുന്നു. പക്ഷെ ഓരോ ഘട്ടത്തിലും ഈ കഥാപാത്രം എനിക്ക് വെല്ലുവിളിയായി. കാരണം നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല ഈ കഥാപാത്രം പെരുമാറുന്നത്. ക്രൈം ചെയ്ത ഈ സ്ത്രീയെത്തേടി പൊലീസുകാരുടെ ഫോണ്‍ എത്തുമ്പോള്‍ ഈ സ്ത്രീ പറയുന്ന ചില മറുപടികളുണ്ട്. അതില്‍ അവര്‍ കള്ളം പറയുന്നുമുണ്ട്. ഒരു നിലയ്‌ക്കും മനസ്സിലാക്കാന്‍ പറ്റാത്ത കഥാപാത്രമായിരുന്നു ആശ.”-ഉര്‍വ്വശി പറയുന്നു.
















