തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ ഇടപാടില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായും വിദേശ നിയമോപദേശകരുമായും നടത്തിയ വിദേശ പണമിടപാടുകളില്‍ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം പ്രകാരം 25.78 കോടി രൂപയുടെ ഐജിഎസ്ടി അടച്ചില്ലെന്നാണ് സംസ്ഥാന ജിഎസ്ടി അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന്‌റ പലിശയായി 4.76 കോടിയും പിഴയായി 25.78 കോടി രൂപയും ചേര്‍ത്ത് ഇനി അടയ്‌ക്കണം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 74( എ) പ്രകാരമുള്ള ഷോക്കോസ് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലാണ് ജിഎസ്ടി വകുപ്പ്.
നികുതി വെട്ടിപ്പിന് മുന്‍കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഒത്താശയുണ്ടൊയിരുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി നടപടിയെടുത്തില്ലെന്നാണ് അബ്ദുറഹിമാന്റെ സ്റ്റാഫ് വെളിപ്പെടുത്തുന്നത്. എല്ലാം മുന്‍ മന്ത്രിയുടെ തന്നിഷ്ടപ്രകാരമാണ് തീരുമാനിച്ചതെന്ന് അവര്‍ വ്യക്തമാക്കുന്നു.
മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി.ആര്‍. രമേശും മുന്‍ പ്രൈവറ്റ് സെക്രട്ടറി സത്യപാലും എസ് ഐ ടിക്കു നല്‍കിയ മൊഴികള്‍ വി. അബ്ദുറഹിമാന് വലിയ കുരുക്കാണ്.
















