കണ്ണൂര്‍: കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് കുറ്റപ്പെടുത്തി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷമുള്ള പ്രാഥമിക നടപടികളോ നഷ്ടപരിഹാരത്തിനായുള്ള കണക്കെടുപ്പോ പൂര്‍ത്തിയാക്കാന്‍ വൈകുന്നു. റോഡുകളെല്ലാം തകര്‍ന്നു കിടക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.
പരിസ്ഥിതി ലോല പ്രദേശങ്ങളുമായി(ഇ എസ് എ) ബന്ധപ്പെട്ട് മലയോര മേഖലയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നതെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകകയാണ്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മുന്നോട്ടുപോകാനാകില്ല.സമരം ചെയ്യാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ബിഷപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കൃത്യമായ പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് സത്യം ബോധ്യപ്പെടുത്താന്‍ തയാറാകണം.
മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് മുമ്പുളള എല്ലാ മന്ത്രിസഭയിലെ മന്ത്രിമാരും വിദേശയാത്രകള്‍ നടത്താറുണ്ടെന്ന് ബിഷപ്പ് പാംപ്ലാനി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ തിരിച്ചറിയുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. എല്ലാ കാര്യങ്ങളും പൊതുസമൂഹം കൃത്യമായി വിലയിരുത്തുന്നുണ്ട്. ഭരണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സ്വയം തിരുത്താനും ബന്ധപ്പെട്ടവര്‍ അത് തിരുത്തിക്കാനും തയാറാകണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
















