തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു മാധ്യമപ്രവര്‍ത്തകരോടും മോശമായി പെരുമാറിയിട്ടില്ല. നിയമപരമായ നടപടിയാണ് നടന്നത് അത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണ്. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണ്. മാധ്യമപ്രവര്‍ത്തകരോട് പോലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. അങ്ങനെ പോലീസ് ഒരിടത്തും കയറിയില്ല. ഈ കേസിലെ രണ്ടാമത്തെ പ്രതിയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റര്‍ കമ്പനി. ഏതു സെര്‍ച്ച് നടത്തിയാലും ഫോണ്‍ പിടിച്ചുവെക്കാറുണ്ട്. വാര്‍ത്താസംപ്രേഷണം തടഞ്ഞിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസിലും മറുനാടന്‍ മലയാളിയുടെ ഓഫീസിലും പോലീസ് നടപടി ഉണ്ടായതാണെന്നും പറഞ്ഞു.
കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നത്. ആ പേടി നിങ്ങൾക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പത്രപ്രവർത്തക യൂണിയനെയും മന്ത്രി വിമർശിച്ചു. ഏഷ്യാനെറ്റ് പരിശോധന നടത്തിയപ്പോൾ ഒരു കെയുഡബ്ലിയുജെയും കണ്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
















