കോട്ടയം: വ്യാവസായിക പരിശീലന വകുപ്പിലെ (ഐടിഐ) ഓണ്‍ലൈന്‍ സ്ഥലംമാറ്റം ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. 2026ലെ പൊതുസ്ഥലംമാറ്റത്തിനുള്ള വിജ്ഞാപനം ഇറങ്ങി ആറ് മാസം പിന്നിട്ടിട്ടും അന്തിമ പട്ടിക പ്രസിദ്ധീകരിക്കാതെ ജീവനക്കാരരെ ഇരുട്ടില്‍ നിര്‍ത്തുകയാണ് അധികൃതര്‍. ഇതിനു പിന്നില്‍, ഭരണമാറ്റത്തിനനുസരിച്ച് കൂറുമാറിയെത്തിയ ചില യൂണിയന്‍ നേതാക്കളുടെ സ്ഥാപിത താല്പര്യങ്ങളാണ്.
മാര്‍ച്ച് 12-നാണ് ട്രെയിനിങ് ഡയറക്ടര്‍ ഓണ്‍ലൈനായി, പൊതു സ്ഥംമാറ്റവിജ്ഞാപനം പുറപ്പെടുവിച്ചത്. മാര്‍ച്ച് 23 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ച്, മെയ് 20-ന് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിജ്ഞാപനം.എന്നാല്‍ സപ്തംബര്‍ പകുതി പിന്നിട്ടിട്ടും ഉത്തരവ് കടലാസിലാണ്. ഓണ്‍ലൈന്‍ സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നതിന് പിന്നില്‍ വന്‍ ചരടുവലികളാണ്. എല്‍ഡിഎഫ് സമയത്ത് വകുപ്പില്‍ സകല സൗഭാഗ്യങ്ങളും അനുഭവിച്ചിരുന്ന എന്‍ജിഒ യൂണിയന്‍ നേതാക്കളാണ് അട്ടിമറിക്ക് ചുക്കാന്‍ പിടിക്കുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, സ്വാധീനം നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ കൂട്ടത്തോടെ ഭരണാനുകൂല സംഘടനകളില്‍ അംഗത്വം എടുത്തു. ഈ സ്വാധീനം ഉപയോഗിച്ച്, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി ഇവര്‍ ഡയറക്ടറേറ്റിലും തങ്ങള്‍ക്ക് ആവശ്യമുള്ള മറ്റ് പ്രധാന ഇടങ്ങളിലും പിന്‍വാതില്‍ വഴി സ്ഥലംമാറ്റം തരപ്പെടുത്തുകയാണ്. ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തില്‍, സീനിയോറിറ്റിയും മാനദണ്ഡങ്ങളും പാലിക്കുമെന്നതിനാല്‍, തങ്ങളുടെ ഇഷ്ടസ്ഥലങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് യൂണിയന്‍ നേതാക്കളെ അട്ടിമറിക്ക് പ്രേരിപ്പിക്കുന്നത്. ഭരണാനുകൂല സംഘടനകളുടെ ലേബലില്‍ ഇവര്‍ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇരുട്ടുവെളുക്കും മുമ്പ് ഉത്തരവുകള്‍ സ്വന്തമാക്കുമ്പോള്‍, അര്‍ഹതപ്പെട്ട സാധാരണ ജീവനക്കാര്‍ക്ക് നീതി നിഷേധിക്കുകയാണ്.
വിജ്ഞാപനത്തില്‍ പറഞ്ഞിരുന്ന ദയാര്‍ഹതയുള്ളവര്‍, പ്രത്യേക ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ എന്നീ മുന്‍ഗണനാ വിഭാഗങ്ങളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരും മലയോര-ദുര്‍ഘട പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരുമായ നിരവധി ജീവനക്കാരാണ് ഇതു കാരണം ദുരിതത്തിലായത്. നടപടിക്കെതിരേ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ പുനരാരംഭിക്കണമെന്ന് ഐടിഐ അധ്യാപക സംഘടനയായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ടമെന്റ് ഇന്‍സ്ട്രക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഐടിഡിഐഒ) ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കോടതിവിധി മാനിക്കാതെ പിന്‍വാതിലിലൂടെയുള്ള സ്ഥലംമാറ്റങ്ങള്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരും. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വൈകിയാല്‍ പ്രതിഷേധ പരിപാടികള്‍ തുടങ്ങും. 23-ന് സംസ്ഥാനത്തെ 110 ഐടിഐകളിലും പ്രതിഷേധദിനാചരണം നടത്തുമെന്നും ഐടിഡിഐഒ ഭാരവാഹികള്‍ പറഞ്ഞു.
















