കോട്ടയം: കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മിന്നല്‍ പ്രളയങ്ങള്‍, മലവെള്ളപ്പാച്ചില്‍, ശക്തമായ കാറ്റ് എന്നിവയ്‌ക്ക് ഇനിയും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തിരുവനന്തപുരം കേന്ദ്രം മേധാവി ഡോ. നിത കെ. ഗോപാല്‍ മുന്നറിയിപ്പ് നല്കി. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷത്തിലെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് കാരണം.
കേരളത്തില്‍ കുറച്ചുദിവസമായി മഴയില്ലാതെ ഉയര്‍ന്ന താപനിലയാണ്. അന്തരീക്ഷം ചൂടാകുകയും എന്നാല്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടാകുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്താല്‍, ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെട്ടു. ഇത്തരം മേഘങ്ങളില്‍ നിന്ന് ചുരുങ്ങിയ നേരത്തിനുള്ളില്‍ ചെറിയ മേഖലയില്‍ പെയ്യുന്ന അതിശക്തമായ മഴയാണ് വലിയ നാശ നഷ്ടങ്ങള്‍ക്കും, മിന്നല്‍ പ്രളയങ്ങള്‍ക്കും, നദികളിലെ ശക്തമായ ഒഴുക്കിനും കാരണം.
എല്‍നിനോ കാലത്ത് അന്തരീക്ഷ താപനില കൂടും. വലിയ അളവില്‍ നീരാവിയുണ്ടാകും. അപ്പോഴുണ്ടാകുന്നത് കനത്ത മഴയാകും. ഇടവിട്ടു പെയ്യുന്ന മഴ അപകടകാരിയാണ്. കാലവര്‍ഷത്തിലെ മഴയുടെ സ്വഭാവമല്ല.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ആന്ധ്ര തീരത്തേക്ക് നീങ്ങുന്നതിനാല്‍ വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരും. ജാഗ്രത പാലിക്കണം. അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. കൂടാതെ, മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കുമായി സമുദ്രനിരപ്പിൽ നിന്ന് 4.5 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ, സെപ്റ്റംബർ 21, 22 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
















