45
കുടിലങ്ങളാമളകവലയങ്ങളാമളികള്‍
ചുഴലുന്ന കോമളമുഖാബ്ജം
മധുരാര്‍ദ്രമായ ചെറു ചിരിതൂകി ഹന്ത! നവ-
കമലങ്ങളെപ്പരിഹസിപ്പൂ
മധുവൂറിടും ചൊടികളിതളായ് വിടര്‍ന്നിടയി-
ലതിമുഗ്ധകന്ദരദനാന്തം
മദനാന്തകന്റെ മിഴിമധുപങ്ങള്‍ ഹാ! സതത –
മിതില്‍ മുത്തി മുത്തി മരുവുന്നോര്‍
46
ലാവണ്യമാം കടലിലോളങ്ങള്‍തീര്‍ത്തു കല –
യോലും നിലാവുകളിയാടും
ബാലേന്ദുവായ തവ ഫാലം ജയിക്ക ഹിമ –
ശൈലാധിവാസരസഗാത്രീ
നീ ലീലയായണിയുമാലോലമിന്ദുകല
നേരേയിണങ്ങിവരുമെങ്കില്‍
ചേലായ് വിളങ്ങുമൊരു രാകാശശാങ്കമതു
കാണാമകത്തു കുളിരോടെ
47
അഴകായ് വളഞ്ഞ തവ പുരികങ്ങളോ മദന –
നണിയും ധനുസ്സുമതുപോലീ –
മിഴിവണ്ടുകള്‍ ചേര്‍ന്നൊരണിഞാണുമായ് ഭുവന-
വിജയം കുറിച്ചു രതികണവന്‍
പുരവൈരിയോടുമൊരു ശരമെയ്യുവാനവനു –
മൊരു കൈയുയര്‍ത്തി ധനുസിന്മേല്‍
പരിചോടണച്ച നിജഭുജമുഷ്ടിയെന്ന പടി
മിഴിമദ്ധ്യമുണ്ടു വിലസുന്നു
















