
പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി
സീതാപൂര്‍: പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറിയുടെ ആഗോള പെരുമയ്‌ക്ക് പിന്നില്‍ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലുള്ള സിദ്ധൗലി എന്ന ഗ്രാമപ്രദേശത്തെ കരകൗശല വിദഗ്‌ദ്ധരുടെ കൈയൊപ്പുണ്ട്. ലഖ്‌നൗവിനോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം ചിക്കന്‍കാരി നിര്‍മ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമീണ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഗള്‍ പാരമ്പര്യത്തില്‍ വേരൂന്നിയ ആഡംബര പൂര്‍ണ്ണമായ കൈത്തയ്യല്‍ കലയാണ് ചിക്കന്‍കാരി. ചിക്കന്‍കാരി എന്ന പേര് വന്നത് പേര്‍ഷ്യന്‍ ഭാഷയിലെ ‘ചിക്കാന്‍’ അല്ലെങ്കില്‍ ‘ചികീന്‍’ എന്ന വാക്കില്‍ നിന്നാണ്. കോട്ടണ്‍, മസ്ലിന്‍, ജോര്‍ജറ്റ്, ഓര്‍ഗന്‍സ തുടങ്ങിയ നേര്‍ത്ത തുണിത്തരങ്ങളില്‍ സൂചിയും നൂലും ഉപയോഗിച്ച് അതീവ ശ്രദ്ധയോടെയും കൃത്യതയോടെയുമാണ് ഈ എംബ്രോയ്ഡറി ചെയ്യുന്നത്. ഷാഡോ വര്‍ക്ക് എന്നറിയപ്പെടുന്ന ബഖിയ, തുണി മുറിക്കാതെ നൂലുകള്‍ വശങ്ങളിലേക്ക് മാറ്റി വല പോലെ തുന്നിയെടുക്കുന്ന ജാലി, തെപ്ചി, മുറി, പഷ്‌നി തുടങ്ങിയ സങ്കീര്‍ണ്ണവും മനോഹരവുമായ തുന്നല്‍ രീതികളാണ് സിദ്ധൗലിയിലെ നെയ്‌ത്തുകാര്‍ ഉപയോഗിക്കുന്നത്. പരമ്പരാഗത രീതിയല്‍ നിര്‍മിക്കുന്ന ചിക്കന്‍കാരിക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരും. സങ്കീര്‍ണമായ ഡിസൈനുകള്‍ നിര്‍മിക്കാന്‍ ചിലപ്പോള്‍ മാസങ്ങളോളം എടുക്കും.
ഇവിടെ തയാറാക്കുന്ന പ്രീമിയം നിലവാരത്തിലുള്ള കുര്‍ത്തകള്‍, സാരികള്‍, ദുപ്പട്ടകള്‍, കുര്‍ത്തികള്‍ എന്നിവ ലഖ്‌നൗവിലെ വന്‍കിട വിപണികള്‍ വഴിയാണ് ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
മുഗള്‍ ഭരണകാലത്ത് പേര്‍ഷ്യന്‍ കലാകാരന്മാരില്‍ നിന്നാണ് ഈ കരകൗശലവിദ്യ ഭാരതത്തില്‍ പ്രചാരത്തിലായത്. സ്വയംതൊഴിലിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ഉത്തര്‍പ്രദേശിലെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ചിക്കന്‍കാരി നിര്‍മ്മാണത്തിന് യോഗി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് സഹായവും ലഭിക്കുന്നു. സിദ്ധൗലിയിലെയും സമീപ ഗ്രാമങ്ങളിലെയും വീടുകള്‍ കേന്ദ്രീകരിച്ച് കുടില്‍ വ്യവസായമായാണ് ഈ നിര്‍മാണകല പ്രവര്‍ത്തിക്കുന്നത്. യുപിയിലെ ഗ്രാമീണ വനിതാ ശാക്തീകരണത്തിന് ഇത് വലിയൊരു മാതൃകയാണ്.
ഈ കലയെ ‘വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്റ്റ്’ എന്ന പദ്ധതിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്നു.