
കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്‌ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു
മട്ടാഞ്ചേരി: നാവികസേനയ്‌ക്ക് ആധുനിക ആയുധവും കരുത്തും പകര്‍ന്ന് പുതുതലമുറ മിസൈല്‍ കപ്പല്‍ നിര്‍മാണത്തിന് തുടക്കം കുറിച്ചു. നാവികസേന യുദ്ധക്കപ്പല്‍ കണ്‍ട്രോളര്‍ വൈസ് അഡ്മിറല്‍ സജ്ജയ് സാധു കീലിടല്‍ കര്‍മം നടത്തി. നാവികസേനയ്‌ക്കായി ആറ് പുതുതലമുറ കപ്പലുകളാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുക. ഇത് സംബന്ധിച്ച് ഇരുവരും 2023 മാര്‍ച്ചില്‍ കരാറിലേര്‍പ്പെട്ടിരുന്നു.
കപ്പലൊന്നിന് 1634 കോടി രൂപ കണക്കില്‍ 9805 കോടി രൂപയാണ് ചെലവ്. ബ്രഹ്‌മോസ് മിസൈല്‍ അടക്കമുള്ള ആധുനികവും ഗതിവേഗവുമുള്ള ആക്രമണ ആയുധങ്ങള്‍, റഡാര്‍, ഇന്‍ഫ്രാറെഡ്, മാഗ്നറ്റിക്ക് സിഗ്നേച്ചറുകള്‍ എന്നിവയടക്കമുള്ള പുതുതലമുറ മിസൈലുകള്‍ കപ്പലിലുണ്ടാകും.
89 മീറ്റര്‍ നീളവും 12 അടി വീതിയും മുന്നര മീറ്റര്‍ ആഴവുമുള്ള കപ്പലിന് 1437 ടണ്‍ ഭാരമുണ്ടാകും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത. 80 നാവികരും 13 ഓഫീസര്‍മാരുമാണ് ഒരു കപ്പലിലുണ്ടാകുക.
2027ല്‍ ആദ്യ കപ്പല്‍ കൈമാറാനാകുമെന്നാണ് പ്രതീക്ഷ. ചടങ്ങില്‍ നാവികസേനാ അധികൃതരും കപ്പല്‍ശാല ഉന്നതരും ഉണ്ടായിരുന്നു.