തിരുവനന്തപുരം: കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായർ (55) കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35) അറസ്റ്റിലായി. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ക്രൂരമായ മർദ്ദനമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ മാസം 17-നാണ് ശ്രീകണ്ഠൻ നായരെ വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയെന്ന് രൂപക് അയൽവാസികളോട് പറയുന്നത്.
തുടർന്ന് ആംബുലൻസിനായി ഫോൺ ചെയ്ത ശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കരമന പോലീസ് എത്തുമ്പോഴേക്കും ശ്രീകണ്ഠൻ നായർ മരണപ്പെട്ടിരുന്നു. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും, സംഭവത്തിന് ശേഷം കാണാതായ രൂപക്കിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പോസ്റ്റ്‌മോർട്ടത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായതോടെ കേസ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കകം കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ വെച്ച് പ്രതി രൂപക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന രൂപക്കിനെ മദ്യപിക്കുന്നതിനിടയിലാണ് ശ്രീകണ്ഠൻ നായർ പരിചയപ്പെടുന്നത്. വീടില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി രൂപക്കിനെ ശ്രീകണ്ഠൻ സ്വന്തം വീട്ടിൽ താമസിപ്പിച്ചു വരികയായിരുന്നു. സംഭവദിവസം മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
















