സൂര്യരശ്മികള്‍ ശരീരകോശങ്ങളില്‍ ആഴ്ന്നിറങ്ങി, ഊര്‍ജ്ജം പകര്‍ന്ന് ശരീരാവയവങ്ങളെ പ്രവര്‍ത്തനസജ്ജമാക്കുന്നു. സസ്യലതാദികളിലും, പക്ഷിമൃഗാദികളിലും പ്രവര്‍ത്തിച്ച് നമുക്ക് വേണ്ട ഭക്ഷണ ശൃംഖലയെ സൃഷ്ടിച്ച് ആരോഗ്യകരമായ മനസും, ശരീരവും നിലനിര്‍ത്തുന്നു. രാത്രികാലങ്ങളില്‍ ചന്ദ്രനിലൂടെ വെളിച്ചം പകര്‍ന്ന് ഓഷധികളെ സൃഷ്ടിച്ച്, രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
ആരോഗ്യകരമായ ഒരു സംസ്‌ക്കാരം നിലനിര്‍ത്തുന്നതിനാവശ്യമായ വെളിച്ചം (അറിവ്) പകരുന്നു. ഇത് നമ്മളില്‍ ആരോഗ്യകരമായ ചിന്താശക്തിയും, കാഴ്ചപ്പാടും ഉണ്ടാക്കുന്നു. ഇങ്ങനെ സൂര്യനടക്കമുള്ള ദേവന്മാരെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍, സകല ജീവജാലങ്ങളും പ്രകൃതിസഹജമായി അവരുടേതായ പങ്കു വഹിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്ന യജ്ഞത്തിലൂടെയാണ് നമ്മള്‍ ദേവമാരെ പൂജിക്കേണ്ടത്. തിരിച്ച് ദേവന്മാരും നമുക്ക് ആരോഗ്യവും, ഊര്‍ജവും നല്‍കി നമ്മേ സംരക്ഷിക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിലൂടെ ജീവിതം. ജീവിതത്തിലൂടെ പരിസ്ഥിതി സംരക്ഷണം. ഇങ്ങനെ ‘ പരസ്പരം ഭാവയന്ത:’ എന്ന തത്ത്വമാണ് നമ്മില്‍ സംഭവിക്കുന്നത്. ഇതിലൂടെ, മനസ്സ് ശുദ്ധമാകുന്നു, ബോധമണ്ഡലം വികസിക്കുന്നു, സുതാര്യമാകുന്നു. മറ്റുള്ളവരുമായി സഹകരിച്ചും, സഹവര്‍ത്തിച്ചും ജീവിക്കുന്നതിലൂടെ ആത്മ സംതൃപ്തി ഉണ്ടാകുന്നു. സ്വര്‍ഗ്ഗലോകം ചൈതന്യവത്താകുന്നു.
ഇപ്പോള്‍ മൂന്നു ലോകങ്ങളേയും പ്രകാശിപ്പിക്കുന്ന സവിതാവ് അറിവായി മാറുന്നു. ഭൂലോകവും, അന്തരീക്ഷവും പരസ്പരം സഹകരിച്ച് ആരോഗ്യകരമായി പ്രവര്‍ത്തിക്കുമ്പോഴാണ് സ്വര്‍ഗ്ഗലോകം തുറക്കുന്നത് എന്ന അറിവ് സവിതാവായി നമ്മെ പ്രകാശിപ്പിക്കുന്നു. അടുത്ത തലത്തിലേക്ക് പ്രവേശിക്കുമ്പോള്‍, മൂന്ന് അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നു. നമ്മുടെ സങ്കല്പങ്ങള്‍ ഭാവന, വിശ്വാസം, ദൃഢനിശ്ചയം എന്നീ തലങ്ങളിലൂടെ കടന്ന് ബോധതലത്തില്‍ എത്തുന്നു. പ്രകൃതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ്, മനുഷ്യന്റെ കര്‍മ്മമണ്ഡലം ശക്തമാകുന്നത്. ഇതോടെ ബോധം തെളിമയാര്‍ന്നതും, സുതാര്യവുമാകുന്നു. ഭൂമിയെ പോലെ തന്നെ മനുഷ്യശരീരവും പഞ്ചഭൂതനിര്‍മ്മിതിയാണെന്നും, സകല ചരാചരങ്ങളും, പഞ്ചഭൂതങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതാണെന്നും, സ്വയം നിരീക്ഷിച്ച് ബോധ്യപ്പെടുന്ന തലത്തിലേക്ക് ബോധം വികസിക്കുന്നു. ഇത് സാക്ഷീഭാവതലത്തിലേക്ക് നമ്മേ നയിക്കുന്നു.
ഇവിടെ അറിവിന്റെ വാതായനങ്ങള്‍ അകത്തേക്ക് (നമ്മിലേക്ക്) തുറക്കുന്നു. സ്വയം നിരീക്ഷിക്കുമ്പോഴാണ് സാക്ഷീഭാവം തെളിയുന്നത്. ഇത് സ്വാധ്യായത്തിലേക്ക് നമ്മേ നയിക്കുന്നു. ഒന്നിലും ഒട്ടാതെ, ഒന്നിനേയും മുന്‍ധാരണയോടെ വിധിക്കാതെ, നിഷ്പക്ഷമായി കാണുന്ന ഭാവം ആണ് സാക്ഷീഭാവം.
സൂര്യന്‍ എല്ലാവരിലും, ഒരുപോലെ പ്രകാശം ചൊരിയുന്നു. ഭൂമിയുമായി ചേര്‍ന്ന് ദിനരാത്രങ്ങളിലൂടെ സംസാരചക്രം സൃഷ്ടിച്ച്, സമയബോധത്തെ നല്‍കുന്നു. അച്ചടക്കവും ദിനചര്യകളും പഠിപ്പിച്ച് നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദിത്വം നല്‍കുന്നു.
ചൂട്, തണുപ്പ്, ഋതുക്കള്‍ എന്നിവ മിതമായി മനുഷ്യന് താങ്ങാവുന്ന അളവില്‍ തന്നുകൊണ്ട് പഞ്ചേന്ദ്രിയപരിമിതി നമ്മളെ ബോധ്യപ്പെടുത്തുന്നു. അറിവിനപ്പുറം സഞ്ചരിക്കുവാനുള്ള ബോധമണ്ഡലത്തെ വിശാലമായി തുറന്ന് കാണിച്ച് നമ്മളെ ഊര്‍ജ്ജസ്വലരാക്കുന്നു. ഇവിടെ സവിതാവ് ബോധം തന്നെയാകുന്നു.
ഇങ്ങനെ ഓംകാരശക്തികളായ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവക്ക് അടിസ്ഥാനം, നമ്മില്‍ തന്നെ കുടികൊള്ളുന്ന ആത്മചൈതന്യമാണ് എന്ന് സാക്ഷീബോധത്തിലൂടെ നാമറിയുന്നു. ഈ ആത്മചൈതന്യം തന്നെയാണ് സൂര്യനെ പ്രകാശിപ്പിക്കുന്നതും, ഭൂമിയെ തിരിക്കുന്നതും, പ്രപഞ്ചമാകെ നിറഞ്ഞിരിക്കുന്നതും. ശരീരമായും, പ്രാണനായും, വികാരമായും, ബുദ്ധിയായും, ബോധമായും എന്നില്‍ പ്രവര്‍ത്തിക്കുന്നത് ആത്മചൈതന്യം തന്നെയാണ്.
ഞാന്‍ തന്നെയാണ് സവിതാവ്. ഞാന്‍ സ്വയം എന്നെ തന്നെ ആത്മസൂര്യനായി പ്രകാശിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിന് ഉത്തരവാദി ഞാന്‍ തന്നെയാണ്. ഞാന്‍ തന്നെയാണ് പ്രപഞ്ച
ചൈതന്യം. അഹം ബ്രഹ്‌മാസ്മി. ഇങ്ങനെ വാസനകള്‍ വിട്ടൊഴിയുമ്പോള്‍, വാതായനങ്ങളും, വ്യതിയാനങ്ങളും താനെ ഇല്ലാതാകുന്നു.
നിര്‍മമോ മനന: ശാന്തോ,ഗത പഞ്ചേന്ദ്രിയ ഭ്രമ:
ശുദ്ധ ചേതന ഏവാഹം, കലാകലന വര്‍ജിത:
ഒന്നിനോടും ഒട്ടലില്ലാത്തവനും, ചിന്താ രഹിതനും, ശാന്തനും, പഞ്ചേന്ദ്രിയ ഭ്രമം വിട്ടു മാറിയവനും, സങ്കല്പ സൃഷ്ടികളൊന്നും സ്പര്‍ശിക്കാതവനും ആയ ഞാന്‍ ശുദ്ധ ബോധസ്വരൂപന്‍ തന്നെ.
















