ന്യൂദൽഹി: കേരളത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ബിജെപി ലക്ഷ്യംവെയ്‌ക്കുന്നത് കേരളമാണ്. കേരളത്തില്‍ ബിജെപിക്ക് കടന്നുകയറാനുള്ള സഹായങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുമെന്ന് ബിജെപി നേതൃത്വത്തിന് അറിയാം. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമേ ആര്‍എസിഎനും ബിജെപിക്കും കേരളത്തില്‍ രാഷ്‌ട്രീയ മേധാവിത്വം നേടാന്‍ കഴിയൂ. ഈ നീക്കത്തെ പാർടി രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും എം എ ബേബി പറഞ്ഞു.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ആർഎസ്എസിനെ ചെറുത്തുനിന്നിരുന്നു. പശ്ചിമബംഗാളിലും ത്രിപുരയിലും അവിടുത്തെ കോൺഗ്രസിന്റെ സഹായത്താലാണ് ബിജെപി അധികാരത്തിലെത്തിയത്. കേരളത്തിൽ തങ്ങൾക്ക് കടന്നുകയറാനുള്ള എല്ലാ സഹായസഹകരണവും കോൺഗ്രസിൽനിന്നും മുസ്ലിം ലീഗിൽനിന്നും കിട്ടുമെന്ന് ബിജെപിക്ക് അറിയാമെന്നും എം എ ബേബി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് പൂര്‍ണമായും കീഴടങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലാണെങ്കിലും വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നതിലായാലും അത് പ്രകടമാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുക എന്നതായിരുന്നു ഇതുവരെ സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ അത് ഉപേക്ഷിക്കുന്ന നിലവന്നിരിക്കുകയാണെന്നും എം.എ ബേബി പറഞ്ഞു. ഗോള്‍വാള്‍ക്കറിന് മുന്നില്‍ വിളക്ക് കൊളുത്തി നമ്ര ശിരസ്‌കരനായി നിന്ന ഒരു വി.ഡി സതീശന്റെ ചിത്രം നമ്മുടെ മുന്നിലുണ്ടെന്നും ഗോള്‍വാള്‍ക്കറെ ആദരിക്കാന്‍ മടിയില്ലാത്ത ആളെ സംബന്ധിച്ചിടത്തോളം സുരേഷ് ഗോപിയേയും കണ്ണന്താനത്തെയും കണ്ട് സംസാരിക്കുന്നത് വലിയ വിഷയമായി തോന്നുന്നില്ലെന്നും എം.എ ബേബി പറഞ്ഞു.
















