റഷ്യയ്‌ക്കെതിരായ ഉപരോധ ബില്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കിയതിനെ തുടര്‍ന്ന് 140 കോടി ജനങ്ങളുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഭാരതം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചരിക്കുന്നു. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്. റഷ്യന്‍ നേതൃത്വത്തെയും എണ്ണ വിതരണത്തിലെ ഉപരോധങ്ങള്‍ മറികടക്കാന്‍ മോസ്‌കോയെ സഹായിക്കുന്ന കപ്പല്‍പ്പടയെയും ലക്ഷ്യമിടുന്ന ഈ നിയമനിര്‍മാണത്തില്‍ നിന്ന് ഉണ്ടാകാവുന്ന വ്യാപാര-സാമ്പത്തിക അപകടസാധ്യതകളും ഭാരത വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവില്‍ കടല്‍മാര്‍ഗം എത്തിക്കുന്ന റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവാണ് ഭാരതം. പുതിയ നിയമനിര്‍മാണം ഇതുവരെയില്ലാത്ത തീരുവകള്‍ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്നു. യുഎസ് കോണ്‍ഗ്രസിലെ നിയമനിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിലെ തുടര്‍ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഭാരതം വ്യക്തമാക്കി.
ഏതാനും മാസങ്ങളായി വിവിധ യുഎസ് പ്രതിനിധികളുമായി ഭാരത- റഷ്യ എണ്ണ വ്യാപാരം സംബന്ധിച്ച വിഷയം ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.
ഇത് ഉഭയകക്ഷി ബന്ധത്തില്‍ മാത്രമല്ല, അന്താരാഷ്‌ട്ര ഊര്‍ജ വിപണിയിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഭാരതം വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി രാജ്യത്തെ വ്യാപാര-വ്യവസായ സംഘടനകളുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനു
ള്ള ദൃഢനിശ്ചയവുമെടുത്തിട്ടുണ്ട്. ഈ വിവാദ ബില്ല് കഴിഞ്ഞ മാസം യുഎസ് സെനറ്റ് പാസാക്കിയിരുന്നു. അതിനു പിന്നാലെയാണ് ജനപ്രതിനിധിസഭ അംഗീകരിച്ചത്. പ്രസിഡന്റ് ട്രംപ് ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും.
ഉക്രെയ്‌നിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന സാമ്പത്തിക വിഭവങ്ങള്‍ കുറയ്‌ക്കുകയാണ് ഈ പുതിയ നിയമനിര്‍മാണത്തിന്റെ ലക്ഷ്യമെന്നാണ് അമേരിക്ക പറയുന്നത്.
റഷ്യന്‍ എണ്ണയിലും വാതകത്തിലുമുള്ള ആശ്രിതത്വം കുറയ്‌ക്കുന്നതിനായി ചൈന, ഭാരതം, മറ്റ് രാജ്യങ്ങള്‍ എന്നിവയ്‌ക്കെതിരെ 100 ശതമാനം വരെ കടുത്ത തീരുവകള്‍ ചുമത്താന്‍ ഈ നിയമം ട്രംപിന് അധികാരം നല്‍കും. റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ തീരുവ ചുമത്താന്‍ ബില്‍ നിര്‍ദേശിക്കുന്നു. റഷ്യന്‍ എണ്ണയും വാതകങ്ങളും വാങ്ങുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താനും വ്യവസ്ഥയുണ്ട്. റഷ്യന്‍ ഊര്‍ജത്തിന്റെ പ്രധാന ഇറക്കുമതിക്കാരെയും എണ്ണ ഉപരോധങ്ങള്‍ മറികടക്കുന്നതിന് സഹായിക്കുന്ന പ്രമുഖ ഇടനിലക്കാരെയും ഈ വ്യവസ്ഥകള്‍ ബാധിക്കും. ഓരോ 180 ദിവസത്തിലും യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് നടത്തുന്ന അവലോകനങ്ങള്‍ക്ക് ശേഷം കൂടുതല്‍ രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനും കഴിയും.
ഇതാണ് ഇപ്പോഴത്തെ അവസ്ഥയെങ്കിലും യുഎസ് തീരുവ നിരക്കുകള്‍ ഏത് ഉല്‍പ്പന്നങ്ങളെയാണ് ബാധിക്കുക, അവ നടപ്പാക്കുന്ന സമയക്രമം എന്നിവ പ്രഖ്യാപിച്ചതിനു ശേഷമേ പുതിയ തീരുവകള്‍ ഭാരത കയറ്റുമതിയില്‍ ഉണ്ടാക്കുന്ന യഥാര്‍ത്ഥ പ്രത്യാഘാതം വിലയിരുത്താന്‍ കഴിയൂ. ഇക്കാര്യത്തില്‍ കരുതലോടെയുള്ള നടപടികളാണ് ഭാരതം സ്വീകരിക്കുക. ചര്‍ച്ചയ്‌ക്കുള്ള വാതിലുകള്‍ കൊട്ടി അടയ്‌ക്കുകയുമില്ല. പക്ഷേ ഭാരതത്തിലെ ജനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടികളില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ല. ഭാരതത്തെ പൂര്‍ണമായും ശത്രുപക്ഷത്തു നിര്‍ത്തി മുന്നോട്ടുപോകുന്നത് ഗുണകരമാവില്ലെന്ന നിലപാടാണ് പല യുഎസ് നിയമനിര്‍മാതാക്കള്‍ക്കും ഉള്ളത്.
ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് ഭാരതം സ്വീകരിക്കുകയെന്ന് കാത്തിരുന്ന് കാണാം.
















