India

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

Published by
കെ.പി. അനിജാമോള്‍

ഭുവനേശ്വര്‍: സംസ്ഥാനത്തിന് പുറത്തേക്ക് തൊഴില്‍ തേടി പോയ ഒഡീഷക്കാരെ തിരിച്ചെത്തിക്കുന്നതിനായി വ്യവസായ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ഒഡീഷക്കാരെ സ്വന്തം നാട്ടില്‍ തന്നെ മികച്ച തൊഴിലും മെച്ചപ്പെട്ട വേതനവും ലഭ്യമാക്കി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ഒഡീഷയില്‍ പര്യടനത്തിനെത്തിയ കേരളത്തില്‍ നിന്നുള്ള മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാനത്തിന് പുറത്തേക്ക് തൊഴില്‍ തേടി പോയവരുടെ ജില്ലകള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വ്യവസായ പദ്ധതികള്‍ ആരംഭിക്കാനുള്ള നടപടികളാണ് പരിഗണിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ചില്‍ക്കയില്‍ ഹൗസ്‌ബോട്ട് അനുഭവങ്ങള്‍ ഉള്‍പ്പെടെയുള്ള നൂതന ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് പറഞ്ഞു. ഇത്തരം പദ്ധതികള്‍ വിനോദസഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങള്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിനായി ‘നശാ മുക്ത് ഭാരത്’ ക്യാമ്പയിന്റെ ലക്ഷ്യങ്ങള്‍ക്ക് ഒഡീഷ സജീവമായി പിന്തുണ നല്‍കുന്നുണ്ടെന്ന് പറഞ്ഞു.

Recent Posts