നഗോയ: ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ ഭാരതത്തിനായി വനിതാ താരം ക്വിംസി ഡിസൂസ വനിതാ സിംഗിള്‍സ് ടെക്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ വിജയിച്ചാല്‍ താരത്തിന് സ്വര്‍ണം അല്ലെങ്കില്‍ വെള്ളി ഉറപ്പിക്കാനാകും. സെമിയില്‍ പരാജയപ്പെട്ടാല്‍ പോലും വെങ്കല പോരിനുള്ള അവസരമുണ്ട്. 24കാരിയായ ക്വിംസി ആതിഥേയ താരം യുനിക സകാമോട്ടോയെ തോല്‍പ്പിച്ചതോടെയാണ് സെമി ഉറപ്പിച്ചത്. സകാമോട്ടോയെ 2-1നാണ് പരാജയപ്പെടുത്തിയത്. വിശദ സ്‌കോര്‍: 10-12, 12-11, 13-11
ഇന്നത്തെ സെമി പോരാട്ടത്തില്‍ ഇന്തോനേഷ്യന്‍ താരം സുമയ ആണ് ക്വിംസിയുടെ എതിരാളി.
ടെക്‌ബോളിന്റെ മിക്‌സഡ് ഇനത്തിലും ക്വിംസി മത്സരിക്കുന്നുണ്ട്. അനസ് ബെഗ് ആണ് സഖ്യതാരം. പക്ഷെ ഈ മത്സരത്തില്‍ ക്വാര്‍ട്ടറിലെത്തിയ ഭാരത സഖ്യം പരാജയപ്പെടുകയായിരുന്നു. വിയെറ്റ്‌നാമിന്റെ ജിയാ എന്‍ഘി-ഹോവാങ് മിന്‍ഹ് ടാന്‍ എന്‍ഗൂയെന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്.















