നഗോയ: ഏഷ്യന്‍ ഗെയിംസിന്റെ ഏറ്റവും പുതിയ പതിപ്പിന് ഇന്ന് ഔദ്യോഗിക ഉദ്ഘാടനം. ബാസ്‌കറ്റ്‌ബോള്‍ അടക്കമുള്ള മത്സരങ്ങളുമായി കഴിഞ്ഞ പത്തിന് തന്നെ നഗോയയില്‍ ഗെയിംസ് വിഭാഗത്തിലെ മത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഭാരത വനിതാ ടീം ഇന്നലെ ക്രിക്കറ്റിലെ ആദ്യ മത്സരത്തിനും ഇറങ്ങിയിരുന്നു. ഇന്ന് വൈകീട്ട് ആറിന് നഗോയയിലെ പലോമ മിസുഹോ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഇന്ന് മുതല്‍ 16 ദിവസം നീളുന്ന കായിക പോരാട്ടങ്ങള്‍ക്കൊടുവില്‍ വരുന്ന നാലിന് ഇതേ സ്‌റ്റേഡിയത്തില്‍ ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിന്റെ കൊടിയിറങ്ങും. 1951ല്‍ ദല്‍ഹിയില്‍ ആരംഭിച്ച ഗെയിംസിന്റെ 20-ാം പതിപ്പാണിത്.
ഹാര്‍മോണിക് ഹര്‍ട്ട് ബീറ്റ് എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഉദ്ഘാടന പരിപാടികളുടെ സൂത്രധാരന്‍ ജാപ്പനീസ് ചലച്ചിത്ര സംവിധായകന്‍ യുകിഹികോ സുറ്റ്‌സുമി ആണ്. നഗോയയില്‍ ഇരുട്ടു വീഴുന്നതോടെ ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ഇവന്റ് ആയി ദീപം തെളിയിക്കപ്പെടും. ദീവസങ്ങളായി വിവിധ നഗരങ്ങള്‍ ചൂറ്റിയെത്തുന്ന ദീപശിഖയില്‍ നിന്നായിരിക്കും ഗെയിംസ് ദീപത്തിലേക്ക് അഗ്നി പകരുക. മുന്‍പ് ഏഷ്യന്‍ ഗെയിംസിനും ഒളിംപിക്‌സിനും വേദിയായിട്ടുള്ള ടോക്കിയോയിലെ ജപ്പാന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നും ഹിരോഷിമയിലെ ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ചു. താരങ്ങളും സ്‌കൂള്‍ കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളിലൂടെ കൈമാറിയാണ് ദീപശിഖ നഗോയയില്‍ ഇന്ന് വൈകീട്ടെത്തുന്നത്. രണ്ടിടങ്ങളില്‍ നിന്നായി തുടങ്ങിയ പ്രയാണം ഒരു ദീപമായി ലയിച്ചു ചേര്‍ന്ന ശേഷമാണ് നഗോയയിലേക്കെത്തുക.
45 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരത്തില്‍ പരം അത്‌ലറ്റുകള്‍ മത്സരിക്കാനെത്തും. ഇവര്‍ക്കൊപ്പമുള്ള ടീം ഒഫിഷ്യല്‍സും കൂടി ചേരുമ്പോള്‍ 17000 പേരാകും. 43 വിഭാഗങ്ങളിലായി 469 മത്സര ഇനങ്ങളാണുള്ളത്.
ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ട ലക്ഷ്യമിട്ടാണ് ഭാരത താരങ്ങള്‍ ജപ്പാനില്‍ പറന്നിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ 107 മെഡലുകള്‍ വാരിക്കൂട്ടിയ ഭാരതം സ്വന്തം റിക്കാര്‍ഡ് തിരുത്തിയാണ് മുന്നേറിയത്. 500ലേറെ ഭാരത താരങ്ങളാണ് ഇക്കുറി മത്സര രംഗത്തുള്ളത്.















