Categories: Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഏറ്റുമാനൂർ; കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നതായി പരാതി . 3 ദിവസമായി പ്രദേശത്ത് കറങ്ങുന്ന സംഘം പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ കാറിൽ കയറ്റാനായി ശ്രമം നടത്തിയതായാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിനൊപ്പം തിരച്ചിലുമായി നാട്ടുകാരും രംഗത്തുണ്ട്.

ബുധൻ വൈകിട്ട് 5.30ന് ട്യൂഷനു വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ വഴിയിൽ വച്ച് കാറിലെത്തിയ സംഘം പ്രലോഭിപ്പിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം നാട്ടുകാർ അറിഞ്ഞത്. വിദ്യാർഥിനിയെ സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘം പ്രലോഭിപ്പിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു.

ട്യൂഷൻ ക്ലാസിൽ ആക്കാം എന്ന് പറഞ്ഞാണ് കാറിൽ ഉണ്ടായിരുന്ന സ്ത്രീ വിദ്യാർഥിനിയെ സമീപിച്ചത്. പന്തികേടു തോന്നിയ വിദ്യാർഥിനി ഭയന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കുട്ടി തിരികെ വരുന്നുണ്ടോ എന്നറിയാൻ കാറിലുണ്ടായിരുന്ന യുവതി പുറത്തിറങ്ങി നിരീക്ഷിക്കുന്ന ദൃശ്യങ്ങളടക്കം സിസിടിവി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു.

കഴിഞ്ഞ ദിവസം, കാലിന് സ്വാധീനക്കുറവുള്ള മറ്റൊരു വിദ്യാർഥിനിയെ വീട്ടിൽ എത്തിക്കാമെന്ന് പറ‍ഞ്ഞ് സംഘം അടുത്തുകൂടിയെന്നും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇതോടെ പരിഭ്രാന്തിയിലായ നാട്ടുകാർ അതിരമ്പുഴയിൽ പ്രതിഷേധിക്കുകയും വിവരം എംഎൽഎ, കോട്ടയം ഡിവൈഎസ്‍പി, ഏറ്റുമാനൂർ സിഐ എന്നിവരെ അറിയിക്കുകയും ചെയ്തു.

ഇതിനിടെ സമീപത്തെ ഒരു സ്കൂളിലെ മറ്റൊരു വിദ്യാർഥിയെ കാണാതായതും നാട്ടുകാരുടെ സംശയം ഇരട്ടിപ്പിച്ചു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

Recent Posts