ന്യൂദല്‍ഹി: പാകിസ്ഥാനിലെ ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് നടപടി.
ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, ലഹരിമരുന്നുകള്‍ എന്നിവ കടത്തുന്നതില്‍ ശൃംഖലയ്‌ക്ക് പങ്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. യുവാക്കളെയും ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയും ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും സംഘം ശ്രമിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും സാമുദായിക സൗഹാര്‍ദത്തെയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശൃംഖല നടത്തുന്നതായും വിദ്വേഷം പ്രചരിപ്പിക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഭീകര സംഘടനയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ലഹരിമരുന്നുകളും എത്തിക്കാന്‍ യുവാക്കളെയും പ്രാദേശിക കുറ്റവാളികളെയും ഇവര്‍ ഉപയോഗപ്പെടുത്തിയിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനും സാമുദായിക ഐക്യത്തിനും ആഭ്യന്തര സുരക്ഷയ്‌ക്കും ഗുരുതര ഭീഷണി ഉയര്‍ത്തുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നെറ്റ്‌വര്‍ക്കുമായി ബന്ധമുള്ള 200ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളമടക്കം 14 സംസ്ഥാനങ്ങളിലായിരുന്നു ഓപ്പറേഷന്‍.
മുംബൈയില്‍ 20 വയസിന് താഴെയുള്ള 30 യുവാക്കള്‍ ഷഹ്‌സാദ് ഭട്ടിയുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെട്ടതായി മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേന നേരത്തെ കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമിലെ ഘട്ടങ്ങള്‍ പോലെയായിരുന്നു യുവാക്കളെ സമീപിക്കുന്ന രീതി. ആദ്യം സംശയിക്കാനിടയില്ലാത്ത ചെറിയ ജോലികള്‍ നല്‍കുകയും നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്യാതെ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്ത ശേഷമാണ് കൂടുതല്‍ ഗൗരവമുള്ള ജോലികളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.
പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ ചിത്രങ്ങളും ചെറിയ വീഡിയോകളും പകര്‍ത്താനായിരുന്നു ആദ്യഘട്ടത്തില്‍ നിര്‍ദേശം നല്‍കിയിരുന്നത്. സാധാരണ ജോലികളെന്ന പ്രതീതി സൃഷ്ടിച്ചാണ് യുവാക്കളെ ഉപയോഗിച്ച് വിവരശേഖരണം നടത്താന്‍ ശ്രമിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ മുംബൈയില്‍ കണ്ടെത്തിയ 30 യുവാക്കളില്‍ ആരും തന്നെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
















