മഞ്ജു വാരിയർ പ്രതികരിക്കരുതെന്ന് നടി മാലാ പാർവതി പറയാൻ കാരണമെന്താണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ . ഭയം കൊണ്ടാണ് മാലാ പാർവതി ഇങ്ങനെ പറയുന്നതെന്നും മഞ്ജു വാരിയര്‍ നേരിട്ട് ഒരു പത്രസമ്മേളനം വിളിക്കണമെന്നും സനൽ ആവശ്യപ്പെടുന്നു.
‘‘എന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു. ഞാൻ ഉന്നയിച്ചിട്ടില്ലാത്ത ഒരു ആവശ്യത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ സ്ഥാപിത താല്പര്യത്തോടെ ഒരു ക്യാംപെയ്ൻ നടക്കുന്നു. മഞ്ജു വാരിയർക്ക് പ്രതികരിക്കാൻ സാധ്യമല്ലാത്ത ഒരു അവസ്ഥയിലാണ് എന്നെനിക്ക് അറിയാവുന്നതുകൊണ്ടാണ് മഞ്ജു വാരിയർ പ്രതികരിക്കണം എന്ന് ഞാൻ ആവശ്യപ്പെടാത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കണം എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്.
ആ റാക്കറ്റ് ആണ് മഞ്ജു വാരിയരെ തടവിൽ വച്ചിട്ടുള്ളത് എന്നാണ് ഞാൻ പറയുന്നത്. അതേക്കുറിച്ച് അന്വേഷണം വേണം എന്ന ആവശ്യം എങ്ങനെയാണ് സ്റ്റോക്കിങ് ആവുക എന്നെനിക്ക് അറിയില്ല. ഒരു ഇര ഒരു റാക്കറ്റിന്റെ തടവിൽ ആണെന്ന് പരാതികൊടുക്കുന്നത് കുറ്റകൃത്യമാണ് എന്ന് നിങ്ങൾ പറയുന്നത് ഇനി ആരും സ്വന്തം സുഹൃത്തോ കാമുകിയോ മകളോ അമ്മയോ ഒരു റാക്കറ്റിന്റെ തടവിൽ ആണെന്ന് മനസിലാക്കിയാലും പ്രതികരിക്കരുത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാതിരിക്കാനും അതിൽ പറയുന്ന സെക്സ് റാക്കറ്റിന് ഇരയായ സ്ത്രീകൾക്ക് സുരക്ഷിതമായി പരാതി പറയാൻ അവസരം നിഷേധിക്കുന്നതിനുമായി സുപ്രീം കോടതിയിൽവരെ പോയ മഹതിയാണ് മാലാ പാർവതി. അവർ മഞ്ജു വാരിയരോട് സംസാരിച്ചു എന്നും അതിൽ മഞ്ജു അവരോട് എനിക്കെതിരെ സംസാരിച്ചു എന്നും മാലാ പാർവതി ടിവിയിലിരുന്ന് പറയുന്നു.
മാലാ പാർവതി ആർക്കുവേണ്ടിയാണ് സുപ്രീം കോടതിയിൽ പോയതെന്ന് ഈ ലോകത്ത് എല്ലാവർക്കും അറിയാം. മഞ്ജു വാരിയർക്ക് പരാതിയുണ്ടെങ്കിൽ അവർ മാല പാർവതിയോടാണോ പറയേണ്ടത്. റാക്കറ്റിന്റെ നിരീക്ഷണത്തിൽ മാലാപാർവതിയോട് മഞ്ജു വാരിയർ സത്യം പറയുമോ? എന്തിനാണ് ഇവരൊക്കെ ഇങ്ങനെ വളഞ്ഞ വഴി തേടുന്നത്? ഇവരൊക്കെ എന്തിനാണ് മഞ്ജു വാര്യരുടെ വക്കാലത്ത് എടുക്കുന്നത്? ഇവരോട് പറയാമെങ്കിൽ മഞ്ജു വാര്യർക്ക് നേരിട്ട് ഒരു പത്രസമ്മേളനം നടത്തി സംസാരിക്കാൻ കഴിയില്ലേ?
പരാതി അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന എന്നെ അറസ്റ്റ് ചെയ്ത് നീക്കണം എന്നൊക്കെയാണ് ചാനൽ അവതാരിക പറയുന്നത്. ഏത് നിയമം അനുസരിച്ചാണ് പരാതി ഉന്നയിക്കുന്ന ആളെ അറസ്റ്റ് ചെയ്യുന്നത് എന്ന് ചോദിക്കരുത്. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് മഞ്ജു വാരിയർ ഒരു മാഫിയ തടവിലാണ് എന്ന് എനിക്ക് മനസിലായ കാര്യം പറഞ്ഞതിന് എനിക്കെതിരെ ഒരു കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്. അതെ നയമാണ് ഇപ്പോഴെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് നീക്കുമായിരിക്കും.
പക്ഷേ ഒരുകാര്യം ഉറപ്പ്. കൊന്നില്ല എങ്കിൽ ഞാൻ വീണ്ടും വന്ന് ഇവിടെയിരിക്കും. സമരം ചെയ്യും. എന്റെ പരാതി അന്വേഷിക്കണം. മഞ്ജു വാരിയർ മൊഴി പറയേണ്ടത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാതിരിക്കാൻ പണിയെടുത്ത മാലാ പാർവതിമാരോടല്ല. ഒരു അന്വേഷണം പ്രഖ്യാപിച്ച് അവിടെ സുരക്ഷിതമായി അവർ മൊഴി പറയട്ടെ. എന്തിനാണ് മഞ്ജു വാരിയർ ഒരു കാരണവശാലും സംസാരിക്കരുത് എന്ന് മാലാ പാർവതി പറയുന്നത്. നിങ്ങൾ എന്തിനെയാണ് ഇത്ര പേടിക്കുന്നത്?’’–സനൽകുമാറിന്റെ വാക്കുകൾ.
















