തിരുവല്ല: ഒരുനുള്ള് സോപ്പില്‍, വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയകരമായ ഗണേശ ശില്‍പം തീര്‍ത്ത് ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം സ്വദേശി ഡോ. ബിജു സി.ജി. 400ലേറെ സോപ്പ് ശില്‍പങ്ങള്‍ പൂര്‍ത്തിയാക്കിയ ബിജുവിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് 1.3 സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഗണേശ ശില്‍പം. അതീവ ചാരുതയാര്‍ന്ന ഈ ശില്‍പം തീര്‍ക്കാന്‍ എടുത്തതോ അരമണിക്കൂര്‍ മാത്രവും. ഗണപതിയുടെ രൂപഭാവ വൈവിധ്യം ചെറുശില്‍പത്തില്‍ ആവാഹിക്കുകയെന്നത് ശരിക്കും വെല്ലുവിളിയായിരുന്നു. കൃത്യതയും കൈവഴക്കവും ക്ഷമയും ഒരുപോലെ പരീക്ഷിക്കപ്പെട്ടതായിരുന്നു നിര്‍മാണ നിമിഷങ്ങളെന്ന് ദുബായിയില്‍ നിന്ന് ബിജു ജന്മഭൂമിയോട് പറഞ്ഞു.
ബിജുവിന്റെ ആഴിമല ഗംഗാധരേശ്വര ശില്‍പവും ഏറെ ശ്രദ്ധ നേടിയിരുന്നു. സോപ്പില്‍ 12 കണ്ണികളുള്ള ചങ്ങല ശില്‍പം ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടംപിടിച്ചിരുന്നു. സോപ്പില്‍ തീര്‍ത്ത ഭഗവദ്ഗീതാ ശില്‍പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് സമ്മാനിക്കാനുള്ള ആഗ്രഹം മുന്‍ വിദേശകാര്യ സഹമന്ത്രി കൂടിയായ കഴക്കൂട്ടം എംഎല്‍എ വി. മുരളീധരന്‍ മുഖാന്തിരം പിഎംഒ ഓഫീസിനെ അറിയിച്ചു കാത്തിരിക്കുകയാണ് ബിജു.
ദുബായിയില്‍ ഡിസൈന്‍ വിഭാഗം മേധാവിയായ ബിജു ഫോട്ടോഗ്രഫി, ഡിസൈന്‍, ത്രീ-ഡി വിഷ്വലൈസേഷന്‍ രംഗങ്ങളിലും സജീവമാണ്. ഭാര്യ സൂര്യയും മകന്‍ ദേവര്‍ഷും ബിജുവിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയേകുന്നു. കേരള സ്റ്റേറ്റ് അണ്ടര്‍-16 ക്രിക്കറ്റ് താരമായ ദേവര്‍ഷ് കായികരംഗത്ത് ശ്രദ്ധേയനാകുന്ന കൗമാര പ്രതിഭയാണ്. ഇത്രയും കുഞ്ഞന്‍ ഗണപതിശില്‍പം നിര്‍മിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ശില്‍പഭംഗിയോടെ ഇത് പൂര്‍ത്തിയാക്കാനായതില്‍ ഏറെ സന്തോഷമെന്ന് ബിജു പറയുന്നു. ശില്‍പത്തിന്റെ പെരുമ വലുപ്പത്തിലല്ല, ശില്‍പിയുടെ കഴിവിലും കൃത്യതയിലുമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ബിജുവിന്റെ മിനിയേച്ചര്‍ ഗണേശശില്‍പം.











