
ന്യൂദല്‍ഹി: സെക്സ് ടോയ്സ് ഇറക്കുമതി നിരോധിക്കാനുള്ള കസ്റ്റംസിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കസ്റ്റംസ് അധികൃതര്‍ നിയമപ്രകാരം എന്നതിനേക്കാള്‍, ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് തോന്നുന്നതിനാല്‍, ഹര്‍ജി പരിഗണന അര്‍ഹിക്കുന്നതാണെന്ന് ജസ്റ്റിസ് സ്മിത ദാസ് ഡേ ചൂണ്ടിക്കാട്ടി. പ്രാച അലോയ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. അശ്ലീലമായ പുസ്തകം, ലഘുലേഖ, പെയിന്റിംഗ്, ചിത്രം അല്ലെങ്കില്‍ ലേഖനം’ എന്നിവ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്ന 1964 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വകുപ്പ് തീരുമാനം എടുത്തത്.
എന്നാല്‍ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം, ബോഡി മസാജറുകളോ സെക്സ് ടോയ്സുകളോ നിരോധിത വസ്തുക്കളായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. അത്തരം വസ്തുക്കളുടെ ഇറക്കുമതി നിരോധിക്കുന്ന നിയമപരമായ ഒരു വ്യവസ്ഥയും ഇല്ല. അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മാത്രം അടിസ്ഥാനമാക്കി അവയെ ‘അശ്ലീല വസ്തുക്കള്‍’ ആയി കണക്കാക്കാനുള്ള കസ്റ്റംസ് വകുപ്പിന്റെ തീരുമാനത്തെയും ഹര്‍ജി ചോദ്യം ചെയ്തു.