തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ സപ്തംബര്‍ 17ന് വാര്‍ഡ് തലത്തില്‍ ഒത്തുചേര്‍ന്നും, വീടുകളില്‍ ദീപം തെളിയിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെ ‘സ്വപ്‌ന ഭാരതം’ എന്ന വിഷയത്തില്‍ ചിത്രരചന, പ്രസംഗ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും.
അങ്കണവാടികളില്‍ സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 7 വരെ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്യും. അങ്കണവാടി ടീച്ചര്‍മാരെയും ആശാ പ്രവര്‍ത്തകരെയും ആദരിക്കും. 25 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്തെ വിവിധ ബ്ലഡ് ബാങ്കുകളുടെ ആവശ്യാനുസരണം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതോടൊപ്പം ബ്ലഡ് ഡയറക്ടറി തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തും.
30 സംഘടനാ ജില്ലാ കേന്ദ്രങ്ങളില്‍ വികസന ജ്യോതിയാത്ര സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹരായിട്ടും ആനുകൂല്യം ലഭിക്കാത്തവരെ കണ്ടെത്തി പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഗാന്ധിജയന്തി ദിനത്തില്‍ പ്രാദേശിക ഘടകങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
പഞ്ചായത്ത് അംഗം മുതല്‍ പാര്‍ലമെന്റ് അംഗം വരെയുള്ള 1.25 ലക്ഷത്തോളം ജനപ്രതിനിധികളെ ഒരുമിച്ച് പങ്കെടുപ്പിച്ച് ‘വന്ദേമാതരം’ പൂര്‍ണമായും ആലപിക്കുന്ന വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്നും സുരേഷ് പറഞ്ഞു.
















