
ദീപ്തി ശര്‍മ്മ, ശ്രീചരണി
ദുബായ്: വനിതാ ഏഷ്യാ കപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഐസിസി വനിതാ ടി20 റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഭാരതത്തിന്റെ ഇടംകൈയന്‍ സ്പിന്നര്‍ ശ്രീ ചരണി. റാങ്കിങ്ങില്‍ 800 റേറ്റിങ് പോയിന്റ് പിന്നിടുന്ന ആദ്യ ഭാരത താരമെന്ന ചരിത്രനേട്ടമാണ് ശ്രീചരണി സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടമായ 804 പോയിന്റുമായാണ് ചരണി ഒന്നാം റാങ്കില്‍ ആധിപത്യം ഉറപ്പിച്ചത്.
ബാറ്റിങ്ങിലോ ബൗളിങ്ങിലോ ഒരു ഭാരത താരം സ്വന്തമാക്കുന്ന എക്കാലത്തെയും ഉയര്‍ന്ന റേറ്റിങ് പോയിന്റാണിത്. 2011ല്‍ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബാറ്റിങ് റാങ്കിങ്ങില്‍ നേടിയ 780 പോയിന്റിന്റെ റിക്കാര്‍ഡാണ് ചരണി മറികടന്നത്. വനിതാ ടി20 ക്രിക്കറ്റില്‍ എക്കാലത്തെയും ഉയര്‍ന്ന റേറ്റിങ് നേടിയ ഓസ്‌ട്രേലിയന്‍ പേസര്‍ മേഗന്‍ ഷൂട്ടിന്റെ (806 പോയിന്റ്) ലോക റിക്കാര്‍ഡിന് തൊട്ടരികിലാണ് (രണ്ട് പോയിന്റ് മാത്രം പിന്നില്‍) ഇപ്പോള്‍ ചരണി. ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി ഭാരതത്തിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് റാങ്കിങ്ങില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരിയായ (14 വിക്കറ്റ്) ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ ഐസിസി ടി20 ബൗളിങ് റാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനങ്ങളും ഭാരത താരങ്ങള്‍ കയ്യടക്കി. മീഡിയം പേസര്‍ നന്ദനി ശര്‍മ്മ പത്ത് സ്ഥാനങ്ങള്‍ കയറി 94-ാം റാങ്കിലും, ലെഗ് സ്പിന്നര്‍ പ്രേമ റാവത്ത് 50 സ്ഥാനങ്ങള്‍ മുന്നേറി 96ാം റാങ്കിലുമെത്തി.