
കോട്ടയം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ചോദ്യം ചെയ്ത് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജ്. ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ച അദ്‌ദേഹം, ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അന്വേഷണത്തെ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ഷോണ്‍ ചൂണ്ടിക്കാട്ടി.
ഷോണ്‍ ജോര്‍ജിന്‌റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പിണറായി വിജയനോട് ഏഴ് ചോദ്യങ്ങള്‍
മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്‌ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്നും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ആദ്യം ഈ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയണം
1. സേവനം നല്‍കിയതിന്റെ പേരിലാണ് പണം വാങ്ങിയതെന്നും അതിന് ജിഎസ്ടിയും നികുതിയും അടച്ചിട്ടുണ്ടെന്നും മുന്‍മുഖ്യമന്ത്രി പറയുന്നു.
കരാര്‍ പ്രകാരം ലഭിക്കേണ്ട തുക ഏകദേശം 1.72 കോടി രൂപ മാത്രമാണെങ്കില്‍, പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഏകദേശം 3.28 കോടി രൂപ ലഭിച്ചതായി പറയപ്പെടുന്ന അധിക 1.56 കോടി രൂപയ്‌ക്ക് എന്താണ് മുന്‍മുഖ്യമന്ത്രിയുടെ മറുപടി?
സേവനം നല്‍കിയെന്ന് തന്നെ സമ്മതിച്ചാലും ഈ അധിക തുകയുടെ ഉറവിടവും സേവനവും എന്താണ്?
2. സ്വന്തം മകളുടെ കമ്പനിക്ക് എ.കെ.ജി. സെന്ററിന്റെ വിലാസം ഉപയോഗിക്കാന്‍ സി.പി.എം.യിലെ മറ്റേതെങ്കിലും പ്രവര്‍ത്തകനോ നേതാവിനോ ഇതുപോലെ അനുമതി ലഭിക്കുമോ?
എന്തുകൊണ്ടാണ് പിണറായിയുടെ മകളുടെ കമ്പനിക്ക് പാര്‍ട്ടി ആസ്ഥാനവുമായി ബന്ധപ്പെട്ട വിലാസം ഉപയോഗിക്കേണ്ടിവന്നത്?
3. ഇന്റേണല്‍ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്ന ‘ പി വി ‘ ആരാണ്?
എക്‌സാലോജിക് യാതൊരു സേവനവും നല്‍കിയിട്ടില്ലെന്നും സേവനം നല്‍കാതെയാണ് പണം നല്‍കിയതെന്നും, ആ പണം കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിന് വേണ്ടിയാണോ നല്‍കിയതെന്ന സംശയവും രേഖയില്‍ ഉണ്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്.
2016-2019 കാലഘട്ടത്തില്‍ വീണ വിജയനുമായി ബന്ധപ്പെട്ട ഈ ഇടപാടില്‍ പറയപ്പെടുന്ന ”പ്രമുഖ രാഷ്‌ട്രീയ നേതാവ്” പിണറായി വിജയനല്ലെങ്കില്‍, അത് ആരാണ്?
4. 2016-ല്‍ പിണറായി തന്നെ പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്തിരുന്നു.
പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും നേരത്തേ തന്നെ സി.എം.ആര്‍.എല്ലിനെതിരെ ഉണ്ടായിരുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആര്‍.എല്ലുമായി കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ ആ ഇടപാട് പരിശോധിക്കാനോ തടയാനോ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?
5. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഇടപാട് എങ്ങനെ ന്യായീകരിക്കും?
സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.ക്ക് സി.എം.ആര്‍.എല്ലില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന സാഹചര്യത്തില്‍, അന്നത്തെ മുഖ്യമന്ത്രിയും പരിസ്ഥിതി വകുപ്പ് മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആര്‍.എല്ലുമായി സാമ്പത്തിക കരാറില്‍ ഏര്‍പ്പെട്ടത് താല്‍പര്യസംഘര്‍ഷത്തിന്റെ (conflict of interest) പരിധിയില്‍ വരുന്നതല്ലേ?
6. പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ മെന്ററായി വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരുന്ന ജൈക് ബാലഗോപാലിന്റെ പങ്കിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?
അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് ബന്ധങ്ങളും പിന്നീട് ഉയര്‍ന്നുവന്ന ആരോപണങ്ങളും ഉള്‍പ്പെടെ, ഈ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് വ്യക്തമായ വിശദീകരണം നല്‍കുന്നില്ല?
7. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സാധാരണ പൗരന് സി.എം.ആര്‍.എല്ലിനെതിരെ സ്വതന്ത്രമായി പരാതി നല്‍കാന്‍ യഥാര്‍ത്ഥത്തില്‍ എവിടെയായിരുന്നു അവസരം?
സര്‍ക്കാരിനെ സമീപിച്ചാല്‍ – സര്‍ക്കാരിന്റെ ഭാഗത്ത് മുഖ്യമന്ത്രിയുടെ മകള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനിക്ക് എതിരെ മിണ്ടാന്‍ ആര്‍ക്കാണ് പറ്റുക . റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന്‍ പോയ വഴി കണ്ടില്ല
കോടതിയെ സമീപിച്ചാല്‍ – സര്‍ക്കാര്‍ ഭാഗത്ത് ഹാജരാകുന്ന അഭിഭാഷകന്‍ പിണറായിയുടെ അടുത്ത ബന്ധു
ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു സാധാരണ പൗരന് നിഷ്പക്ഷമായി പരാതി നല്‍കാന്‍ ഏത് വാതിലാണ് തുറന്നിരുന്നത്?
പിണറായി വിജയന്‍ പറയുന്നത് ”രാഷ്‌ട്രീയ ഗൂഢാലോചന” എന്നാണ്.
എങ്കില്‍ ആദ്യം ഈ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ.
ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അന്വേഷണത്തെ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിളിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമല്ലേ?
ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പിണറായി വിജയന് കഴിയുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ വാദം കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്.
മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണെങ്കില്‍, ഈ ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും.
– അഡ്വ. ഷോണ്‍ ജോര്‍ജ്