നടന്‍ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടന്‍ ഇന്ദ്രന്‍സ്. സുരേഷ് ഗോപി തനിക്ക് മുതിര്‍ന്ന സഹോദരനെ പോലെയാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന കാലം മുതലുള്ള അടുപ്പമാണെന്നും അദ്ദേഹം പറയുന്നു. താന്‍ തുന്നിയ ഷര്‍ട്ട് പുതച്ചാണ് സുരേഷ് ഗോപിയുടെ മകളെ യാത്രയാക്കിയതെന്നും അദ്ദേഹം പറയുന്നു. മുമ്പൊരിക്കല്‍ സിനിമാ രംഗത്തെ ഏറ്റവും പച്ചയായ മനുഷ്യനാണ് ഇന്ദ്രന്‍സ് എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
”വളരെ വളരെ വലിയ ബന്ധമാണ് അദ്ദേഹവുമായുള്ളത് . കോസ്റ്റ്യും ചെയ്യുന്ന കാലത്ത് പൊന്നുച്ചാമി എന്ന സിനിമയുടെ സമയത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരുപാട് പടങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. കുടുംബമായിട്ടും നല്ല അടുപ്പമാണ്. കാണുമ്പോള്‍ കുറച്ച് നേരം മിണ്ടാതെ നില്‍ക്കും, പിന്നെ കെട്ടിപ്പിടിക്കും, വിശേഷങ്ങള്‍ ചോദിക്കും. അങ്ങനെയുള്ളൊരു ബന്ധമാണ്. അതിനുള്ള കാരണം എനിക്ക് അറിയില്ല” ഇന്ദ്രന്‍സ് പറയുന്നു.
അതിനകത്തൊരു നോവ് കിടപ്പുണ്ട്. തയ്യല്‍ക്കാരനെ സംബന്ധിച്ച് ഉണ്ടാകുന്നൊരു നോവും കൂടെയാണ്. ഒരു സിനിമ ചെയ്യുമ്പോള്‍ സാര്‍ കോസ്റ്റ്യും ഇട്ടുകൊണ്ട് വീട്ടില്‍ പോയി. കരുതി വെക്കേണ്ടത് നമ്മളാണ്. അടുത്ത ദിവസം കൊടുക്കേണ്ടതല്ലേ. ഞാന്‍ രാവിലെ കൊണ്ടുവരാമെന്ന് സാര്‍ പറഞ്ഞു. രാവിലെ വന്നപ്പോള്‍ മോള്‍ക്ക് ആ ഷര്‍ട്ട് ഭയങ്കര ഇഷ്ടപ്പെട്ടെടാ, അച്ഛന് നന്നായി ചേരുമെന്ന് പറഞ്ഞു, പോകുമ്പോള്‍ നീ എനിക്കിത് തരണേ എന്ന് അദ്ദേഹം പറഞ്ഞു”.
‘പടം തീര്‍ന്നപ്പോള്‍ ഷര്‍ട്ട് സാര്‍ കൊണ്ടുപോയി. പെട്ടെന്ന് ഒരു അപകടത്തില്‍ ആ കുഞ്ഞ് മരിച്ചു പോയി. അടുത്ത സിനിമയുടെ സെറ്റിലേക്ക് വന്നപ്പോള്‍ സാര്‍ വേറൊരു ആളായിരുന്നു. നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു. അത് വല്ലാത്തൊരു വേദനയായി. ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു ബന്ധമുണ്ട്. മുതിര്‍ന്ന സഹോദരനെ പോലെയാണ്” എന്നും ഇന്ദ്രന്‍സ് പറയുന്നു.
















